അമ്പലപ്പുഴ: കൊവിഡിന്റെ മറവിൽ തോട്ടപ്പള്ളി പൊഴിയിൽ കരിമണൽ ഖനനം അനുവദിക്കില്ലെന്ന് വ്യക്തമാക്കി ധീവരസഭയുടെ ആഭിമുഖ്യത്തിൽ പൊഴിമുഖത്തേക്ക് മാർച്ചും പിക്കറ്റിംഗും നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായി പൊഴി മുറിക്കുന്നതിനു പകരം കരിമണൽ ഖനനം നടത്താൻ കെ.എം.എം.എല്ലിനെ ചുമതലപ്പെടുത്തിയതും കുഴിക്കുന്ന മണൽ വാഹനത്തിൽ കടത്തിക്കൊണ്ടു പോകുന്നതും തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ദിനകരൻ പറഞ്ഞു. അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് കെ.പ്രദീപ്, സെക്രട്ടറി സജിമോൻ, കാർത്തികപ്പള്ളി താലൂക്ക് പ്രസിഡന്റ് കെ. സുഭഗൻ, സെക്രട്ടറി അനിൽ ബി.കളത്തിൽ, 62-ാം നമ്പർ കരയോഗം സെക്രട്ടറി പി.പി. നിജി എന്നിവർ നേതൃത്വം നൽകി.