ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 13
ആലപ്പുഴ : ജില്ലയിൽ ഇന്നലെ അഞ്ചു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം പതിമൂന്നായി. ഇതിൽ രണ്ടുപേർ വിദേശത്തുനിന്നും രണ്ടുപേർ മുംബയിയിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. രാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
മേയ് 17ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവിനും 19ന് സൗദിയിൽ നിന്ന് ദമാം - കൊച്ചി ഫ്ളൈറ്റിൽ കൊച്ചിയിലെത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവിനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും സംസ്ഥാനത്ത് എത്തിയ ശേഷം ജില്ലയിലെ കൊവിഡ് കെയർ സെന്ററിൽ ക്വാറെന്റെനിലായിരുന്നു. മുംബയിൽ നിന്ന് വന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ കുട്ടനാട് സ്വദേശിയായ യുവതിയും ചെങ്ങന്നൂർ സ്വദേശിയായ യുവാവും ആണ്. 19ന് കുട്ടനാട് സ്വദേശി ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയ ശേഷം ആലപ്പുഴ ജില്ലയിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശി എറണാകുളത്ത് ട്രെയിനിൽ എത്തിയശേഷം ജില്ലയിലെ കൊവിഡ് കെയർ സെന്ററിൽ ക്വാറന്റൈനിലായിരുന്നു. 21ന് കൊവിഡ് സ്ഥിരീകരിച്ച, ചെന്നൈയിൽ നിന്നു തിരിച്ചെത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവിന്റെ അമ്മയാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ ആൾ. ഇവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. കൊവിഡ് സ്ഥിരീകരിച്ച എല്ലാവരെയും മെഡി. ആശുപത്രിയിലേക്കു മാറ്റി.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 4127 പേരാണ്. 25 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 15, ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ആറ്, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, കായംകുളം ഗവ. ആശുപത്രി എന്നിവടങ്ങളിൽ ഒന്നു വീതവും പേരാണുള്ളത്. ഹോം ക്വാറന്റൈനിൽ നിന്ന് 871 പേരെ ഒഴിവാക്കിയപ്പോൾ 375 പേർ ഇന്നലെ പുതുതായി 'അംഗത്വ'മെടുത്തു. ഇന്നലെ ഫലമറിഞ്ഞ 61 സാമ്പിളുകളിൽ അഞ്ചെണ്ണമൊഴികെ എല്ലാം നെഗറ്റീവാണ്
വർദ്ധനയിൽ ആശങ്ക
കൊവിഡ് സ്ഥിരീകരിക്കുന്നവരുടെയും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണത്തിൽ ഓരോ ദിവസവുമുണ്ടാകുന്ന വർദ്ധന ജില്ലയെ വീണ്ടും ആശങ്കപ്പെടുത്തുന്നു. ഒറ്റയടിക്ക് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചത് ആദ്യമാണ്. 36 ദിവസത്തിന് ശേഷം കഴിഞ്ഞ 15ന് ആണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
.