photo

ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതിന് ഡി.വൈ.എഫ്‌.ഐ സംഘടിപ്പിച്ചിട്ടുള്ള 'റീസൈക്കിൾ കേരള' കാമ്പയിൻ പുരോഗമിക്കുന്നു.ഇതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട് സന്ദർശിച്ച് വിഭവശേഖരണം നടത്തി.

വായിച്ചു കഴിഞ്ഞ പത്രങ്ങളും ഉപയോഗശൂന്യമായ പാഴ് വസ്തുക്കളും ചക്കയും മാങ്ങയും നാളികേരവും ഉൾപ്പെടെ നാട്ടിൽ ലഭ്യമായ സാധനങ്ങളും ഡി.വൈ.എഫ്‌.ഐ പ്രവർത്തകൾ എല്ലാ വീടുകളിലും എത്തി ശേഖരിക്കും. ഇത് വിറ്റ് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കൂടാതെ ചിത്രം വരച്ച് നൽകിയും കിണറുകൾ വൃത്തിയാക്കിയും വാഹനങ്ങൾ കഴുകിയും പുരയിടം വൃത്തിയാക്കിയും ഫണ്ട് കണ്ടെത്തുന്നുണ്ട്. നിരവധി പ്രമുഖർ ഇതിനോടകം കാമ്പയിനിൽ പങ്കാളികളായി.

ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, പ്രശസ്ത നാടക കൃത്ത് ഫ്രാൻസിസ് ടി.മാവേലിക്കര, ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം, മജീഷ്യൻ സാമ്രാജ്, സജി ചെറിയാൻ എം.എൽ.എ, എ.എം.ആരിഫ് എം.പി, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, മികച്ചകായികാദ്ധ്യാപകനുള്ള അവാർഡ് നേടിയ കെ.കെ.പ്രതാപൻ തുടങ്ങിയവർ പങ്കാളികളായി.മജീഷ്യൻ സാമ്രാജ് തന്റെ ബൈക്ക് കൈമാറി. കായംകുളം ചിറക്കടവം സ്വദേശി എട്ടാം ക്ലാസ് വിദ്യാർത്ഥി ജാസ്മിൻ തന്റെ സൈക്കിളും കൃഷ്ണപുരം സ്വദേശി അമ്മുവിജയൻ തന്റെ ബോട്ടിൽ ആർട്ടുകളും കൈമാറി.