അമ്പലപ്പുഴ : തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനായുള്ള സർക്കാർ നീക്കത്തിനെതിരെ സമരം ശക്തമാക്കാൻ സമരസമിതി യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഹ്മത്ത് ഹാമിദ് അധ്യക്ഷതവഹിച്ച യോഗത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ,സാമുദായിക സംഘടനാ നേതാക്കളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. സ്ഥലത്തെ ജനപ്രതിനിധികൂടിയായ മന്ത്രി വിഷയത്തിൽ ഇടപെടണമെന്നും കരിമണൽ ഖനനത്തിനുവേണ്ടി ജനങ്ങളെ കുരുതികൊടുക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. പൊഴിമുഖത്തോട് ചേർന്നുനിൽക്കുന്നതും നീരൊഴുക്കിന് തടസ്സമല്ലാത്തതുമായ മൂവായിരത്തോളം കാറ്റാടിമരങ്ങൾ മുറിക്കുവാനും മണലെടുത്തുമാറ്റുവാനും അധികാരികൾ നടത്തുന്ന ശ്രമം കരിമണൽ ലക്ഷ്യമാക്കിയുള്ളതാണെന്നും സമരസമിതി ആരോപിച്ചു.