 പ്രദേശവസികൾ പോലും അറിഞ്ഞത് നേരം പുലർന്ന്

ആലപ്പുഴ:തോട്ടപ്പള്ളി സ്പിൽവേയിലെ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പൊഴിമുഖത്തോടു ചേർന്നഭാഗത്തെ കാറ്റാടി മരങ്ങൾ വൻ പൊലീസ് സന്നാഹത്തിന്റെ സംരക്ഷണയിൽ ഇന്നലെ പുലർച്ചെ ജില്ലാ ഭരണകൂടം മുറിച്ചുമാറ്റി. തലേന്നു രാത്രിയിൽത്തന്ന ആറു ജില്ലകളിൽ നിന്നായി 1500 ഓളം പൊലീസുകാര സ്ഥലത്തെത്തിച്ച് സമീപത്തെ സ്കൂളിൽ ക്യാമ്പ് ചെയ്യിപ്പിച്ചിരുന്നു. പൊഴിമുഖത്തേക്കു പ്രവേശിക്കുന്ന മുഴുവൻ ഭാഗങ്ങളും പുലർച്ചെയോടെ പൊലീസ് വലയത്തിലാക്കിക്കൊണ്ട് 395 മരങ്ങളാണ് നേരം പുലരുംമുമ്പുതന്നെ

മുറിച്ചിട്ടത്. പ്രദേശവാസികൾ ഉണർന്നെണീറ്റപ്പോഴേക്കും അവസാന മരവും വീണിരിന്നു!

പൊലീസ് വലയത്തിനിടയിലൂടെ സ്ഥലത്തെത്തി ഒറ്റയ്ക്കു പ്രതിഷേധിച്ച പൊതുപ്രവർത്തകൻ അഡ്വ. സുഷാഷ് തീക്കാടനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. പ്രതിഷേധവുമായി സ്ഥലത്തെത്തിയ ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ, കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി അനിൽ ബി.കളത്തിൽ എന്നിവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മരങ്ങൾ മുറിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് എം. ലിജുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മന്ത്രി ജി. സുധാകരന്റെ പുന്നപ്ര പറവൂരിലുള്ള ഓഫീസിലേക്ക് മാർച്ച് നടത്തി.

പ്രളയത്തെ അതിജീവിക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴിയിലൂടെയുള്ള നീരൊഴുക്ക് ശക്തമാക്കാൻ കളക്ടർ എം.അഞ്ജനയുടെ നിർദേശപ്രകാരം ആലപ്പുഴ ആർ.ഡി.ഒ എസ്.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ റവന്യു-പൊലീസ്-ഇറിഗേഷൻ ഉദ്യോഗസ്ഥർ സംയുക്തമായാണ് 'കാറ്റാടി ഓപ്പറേഷൻ' നടത്തിയത്. മുമ്പ് ഇങ്ങനൊരു നീക്കം നടത്തിയപ്പോൾ പ്രാദേശികമായി വലിയ എതിർപ്പുണ്ടായതോടെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് പുലരും മുമ്പ് മരംമുറിക്കൽ പൂർത്തിയാക്കാൻ തീരുമാനിച്ചത്. 40 അന്യസംസ്ഥന തൊഴിലാളികൾ 20 യന്ത്രങ്ങൾ ഉപയോഗിച്ച് രാവിലെ ഏഴു മണിക്കു മുമ്പുതന്നെ മരങ്ങൾ മുറിച്ചിട്ടു. വെട്ടിയ മരങ്ങൾ പുറമ്പോക്കു ഭൂമിയായ തോട്ടപ്പള്ളി മണ്ണുപുറം കോളനിയിൽ എത്തിച്ച് സോഷ്യൽ ഫോറസ്ട്രിക്ക് കൈമാറി. മരം മുറിക്കൽ പൂർത്തീകരിച്ച ശേഷമാണ് പ്രതിഷേധക്കാർ എത്തിയത്.

 ആറു ജില്ലകളിലെ പൊലീസ്

കാറ്റാടിമരങ്ങൾ മുറിച്ച് നീക്കുമ്പോൾ തീരദേശ വാസികളുടെ എതിർപ്പുണ്ടാകുമെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴയ്ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിൽ നിന്നാണ് പൊലീസിനെ എത്തിച്ചത്.

വ്യാഴാഴ്ച രാത്രിയിൽ തോട്ടപ്പള്ളി നാലുചിറ ഹൈസ്കൂളിലാണ് പൊലീസ് ക്യാമ്പ് ചെയ്തത്. എന്തിനാണ് ഇത്രയും പൊലീസുകാരെ സ്ഥലത്തെത്തിച്ചത് എന്നതു സംബന്ധിച്ച് പ്രദേശവാസികൾക്ക് വ്യക്തത ഉണ്ടായിരുന്നില്ല. പൊ‌ഴിമുഖം മുറിക്കുന്ന മണൽ കെ.എം.എം.എല്ലിനു കൈമാറുന്നത് സംബന്ധിച്ച് പ്രതിഷേധം ഉണ്ടായിരുന്നതിനാൽ പൊലീസ് വിന്യാസത്തെ അതുമായി ബന്ധപ്പെടുത്തിയാണ് നാട്ടുകാർ ചർച്ച നടത്തിയത്.

 പൊലീസ് വലയത്തിൽ

പുലർച്ചെതന്നെ വനിതാ പൊലീസ് ഉൾപ്പെടെ അണിനിരന്നു. തുടർന്നാണ് മരംമുറി ആരംഭിച്ചത്. തോട്ടപ്പള്ളി തൃക്കുന്നപ്പുഴ റോഡ്, ഹാർബർ റോഡ്,ആശുപത്രി റോഡ്, കോളനികളിൽ നിന്ന് സ്പിൽവേ ചാലിന് സമാന്തരമായി കിടക്കുന്ന പോക്കറ്റ് റോഡുകൾ എന്നിവിടങ്ങൾ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്നു. നേരം പുലർന്നു പുറത്തിറങ്ങിയ നാട്ടുകാർ അപ്രതീക്ഷിത പൊലീസ് വലയം കണ്ട് അന്ധാളിച്ചു. ഏഴുമണിയോടെ പ്രതിഷേധക്കാർ എത്തിയപ്പോഴേക്കും ഉദ്ദേശിച്ചത്രയും മരങ്ങൾ മുറിച്ചു നീക്കിയിരുന്നു.

 രാവിലെ ആദ്യം കളക്ടർ

രാവിലെ കളക്ടർ എം.അഞ്ജന പ്രദേശം സന്ദർശിച്ചു. വേഗത്തിൽ മരം നീക്കം ചെയ്ത് നീരൊഴുക്ക് ശക്തമാക്കുന്നതിനുള്ള ചാൽ തെളിക്കുന്ന ജോലികൾ വേഗത്തിലാക്കണമെന്നും മണൽ എടുത്തുകൊണ്ട് പോകേണ്ടെന്നും ആർ.ഡി.ഒയ്ക്ക് നിർദേശം നൽകി. പൊഴിമുഖത്തിനും പാലത്തിനും ഇടയിലുള്ള രണ്ട് ലക്ഷം എംക്യൂബ് മണൽ നീക്കം ചെയ്യുന്നതിന് കെ.എം.എം.എല്ലിനാണ് ഇറിഗേഷൻ വകുപ്പ് കരാർ നൽകിയത്. നീക്കം ചെയ്യുന്ന മണൽ കൊണ്ടുപോകാനായി ഒരു മീറ്റർ ക്യൂബിന് 465 രൂപ നിരക്കിൽ കെ.എം.എം.എൽ സർക്കാരിൽ അടച്ചിട്ടുമുണ്ട്. ദുരന്തനിവര വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം, ഡെപ്യൂട്ടി കളക്ടർ എൽ.എ. വിഭാഗം വിജയൻ, ചെങ്ങന്നൂർ ആർ.ഡി.ഒ ഉഷാകുമാരി, അമ്പലപ്പുഴ തഹസീൽദാർ മനോജ്, ജില്ലയിലെ മറ്റ് തഹസീൽദാർമാർ, മദ്ധ്യമേഖല ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ, ജില്ലാ പൊലീസ് മേധാവിമാരായ ജയിംസ് ജോസഫ്, വി.കെ.മധു, രണ്ട് അഡിഷണൽ എസ്.പിമാർ തുടങ്ങിയവർ സ്ഥലത്ത് ഉണ്ടായിരുന്നു.

........................................................

അക്ഷരാത്ഥത്തിൽ പൊലീസ് ഭീകരന്തരീക്ഷം സൃഷ്ടിച്ചു. ആഴം വർദ്ധിപ്പിക്കലിന്റെ മറവിൽ മണൽ കടത്തിന് സർക്കാരും ജില്ലാ ഭരണകൂടവും ഒത്താശ ചെയ്യുകയാണ്

(പ്രതിഷേധക്കാർ)

.......................................................

കാറ്റാടി മരങ്ങൾ മുറിച്ചുമാറ്റുന്നത് പൊഴിയുടെ വീതി കൂട്ടാനും വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനും വേണ്ടിയാണ്. ജില്ല ദുരന്തനിവാരണ അതോറിട്ടിയുടെ തീരുമാനപ്രകാരമാണ് പ്രവർത്തനങ്ങൾ. കാലവർഷം ശക്തമാകുമെന്ന് സൂചനകൾ വന്ന പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വെള്ളപ്പൊക്കം നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതാണ്. പൊഴിമുറിക്കുന്ന പ്രവർത്തനങ്ങൽ കെ.എം.എം.എല്ലിന്റെ നേതൃത്വത്തിലും ആരംഭിച്ചിട്ടുണ്ട്

(കളക്ടർ എം. അഞ്ജന)

..........................................

ലോക്ക് ഡൗണിന്റെ മറവിൽ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം പുനരാരംഭിച്ച നടപടിക്കു പിന്നിൽ ഗൂഢലക്ഷ്യമുണ്ട്. മുൻപ് ഉപേക്ഷിച്ച കരിമണൽ ഖനന പദ്ധതിയാണ് ഇപ്പോൾ ആഴം കൂട്ടലിന്റെ മറവിൽ പുനരാരംഭിക്കുന്നത്. കാ​റ്റാടി മരങ്ങൾ കൂട്ടത്തോടെ മുറിച്ചു മാ​റ്റി യുദ്ധകാലാടിസ്ഥാനത്തിൽ ഖനനത്തിന് കളമൊരുക്കിയതിനു പിന്നിൽ സർക്കാരിന്റെ നിക്ഷിപ്ത താൽപര്യം പ്രകടമാണ്.

തോട്ടപ്പള്ളിയെ ഖനന മേഖലയാക്കാൻ അനുവദിക്കില്ല

(കെ.സി. വേണുഗോപാൽ)

......................................

ലീഡിംഗ്ചാനലിന്റെ ആഴം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊഴിമുഖത്തുനിന്നു കെ.എം.എം.എൽ മുഖാന്തിരം വൻതോതിൽ മണലെടുത്ത് ഖനനത്തിനായി കൊണ്ടുപോകുന്നത് സംശയാസ്പദമാണ്. മണൽ കടത്തിനെതിരെ തീരദേശ വാസികൾ നടത്തുന്ന സമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായ സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകും.കാ​റ്റാടി മരങ്ങൾ അനാവശ്യമായി മുറിച്ചുമാ​റ്റുന്ന നടപടി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്റിക്ക് കത്ത് നൽകിയിട്ടുണ്ട്

(എം. ലിജു, ഡി.സി.സി പ്രസിഡന്റ്)

...............................................................................................

 മന്ത്രിയുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്

അമ്പലപ്പുഴ: കാറ്റാടി മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി ജി. സുധാകരന്റെ, പറവൂരിലെ ഓഫീസിൽ സംയുക്ത സമരസമിതി പ്രവർത്തകർ പരാതിയുമായി എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

സമരസമിതി നേതാക്കളായ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമീദ്, കെ.പ്രദീപ്, ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10.30ഓടെയാണ് സംഘമെത്തിയത്. എന്നാൽ മന്ത്രി സ്ഥലത്തില്ലാത്തതിനാൽ നിവേദനം സ്വീകരിക്കാൻ ഓഫീസ് ജീവനക്കാർ തയ്യാറായില്ല.

തുടർന്ന് നേതാക്കളും 50 ഓളം വരുന്ന സമരക്കാരും മുദ്രാവാക്യങ്ങൾ വിളിച്ച് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. വൻ പൊലീസ് സംഘവും സ്ഥലത്ത് നിലയുപ്പിച്ചിരുന്നു. പിന്നീട് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പുന്നപ്ര സ്റ്റേഷനിലേക്ക് നീക്കി. ഈ സമയം എൽ.ഡി.എഫ് പ്രവർത്തകരും പ്രതിഷേധവുമായി മന്ത്രിയുടെ ഓഫീസിനു സമീപം ഒത്തുകൂടിയത് അല്പനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് സമര സമിതി നേതാക്കളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, എ.എ. ഷുക്കൂർ, മണ്ഡലം പ്രസിഡന്റ് എസ്.പ്രഭുകുമാർ, പി.സാബു, സുബാഹു, എ.ആർ.കണ്ണൻ, റഹ്മത്ത് ഹമീദ്, യു.എം.കബീർ, എൽ.പി.ജയചന്ദ്രൻ, കെ. പ്രദീപ്, ആരോമൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.