ആലപ്പുഴ : മന്ത്രി ജി.സുധാകരന്റെ ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് നേതാക്കളെ തടയുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് പരാതി. മന്ത്രി മുമ്പ് താമസിച്ചിരുന്നതും ഇപ്പോൾ ഓഫീസായി ഉപയോഗിക്കുന്നതുമായ പുന്നപ്ര തൂക്കുകുളത്തെ ദേശീയപാതയ്ക്കരികിലുള്ള വസതിയിലേക്കാണ് ഇന്നലെ രാവിലെ കോൺഗ്രസ് നേതാക്കൾ തള്ളിക്കയറാൻ ശ്രമിച്ചത്. ഈ സമയം സ്ഥലത്തുണ്ടായ പൊലീസ് കാഴ്ചക്കാരായി നിന്നെന്ന് ആരോപിച്ച് മന്ത്രിയുടെ ഓഫീസ് സ്റ്റാഫംഗങ്ങൾ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും പരാതി നൽകി.

തോട്ടപ്പള്ളി പൊഴിമുഖത്തു നിന്ന് നീക്കം ചെയ്യുന്ന കരിമണൽ കൊണ്ടു പോകുന്നതിലും തീരത്തെ കാറ്റാടി മരങ്ങൾ വെട്ടിയതിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് നേതാക്കൾ ഓഫീസിൽ എത്തിയത്. ഇറിഗേഷൻ വകുപ്പാണ് മണൽ നീക്കുന്നതെന്നും ഈ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത് കളക്ടറാണെന്നുമിരിക്കെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിനു മുന്നിൽ പ്രതിഷധവുമായെത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് ആരോപിച്ചു. മുൻകാലങ്ങളിൽ മന്ത്രിയുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും അന്നൊക്കെ റോഡിന് എതിർവശം വച്ച് പൊലീസ് തടയുകയായിരുന്നു പതിവ്. എന്നാൽ, ഇന്നലെ മതിലിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോഴും പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കൾ എത്തിയതോടെയാണ് കോൺഗ്രസ് നേതാക്കളെ പൊലീസ് നീക്കം ചെയ്തതെന്ന് സി.പി.എം ആരോപിച്ചു.

 പൊലീസിന് വീഴ്ച പറ്റി: മന്ത്രി ജി.സുധാകരൻ

ഓഫീസിനു മുന്നിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധം തടയുന്നതിൽ ലോക്കൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതായി മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഉന്നത പൊലീസ് അധികൃതർ ഇത് പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊഴിമുഖത്തു നിന്നു നീക്കുന്ന മണൽ കൊണ്ടുപോകുന്നത് വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കെ.എം.എംഎല്ലാണ്. ഇതിനെ യു.ഡി.എഫ് എതിർക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇക്കാര്യത്തിൽ യു.ഡി.എഫിന് കനത്ത രാഷ്ട്രീയ നഷ്ടമുണ്ടാകും. ഡി.സി.സി പ്രസിഡന്റ് എം.ലിജു ഈ സമരത്തിനു വന്നത് നിർഭാഗ്യകരമാണെന്നും ജി.സുധാകരൻ പറഞ്ഞു.