ആലപ്പുഴ: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വിനോദയാത്രാ വിലക്ക് നിലവിൽ വന്നതോടെ ടൂർ ഓപ്പറേറ്റർമാർ പ്രതിസന്ധിയിലായി. ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ പണം തിരികെ നൽകാതെ, അടുത്ത ഒരു വർഷത്തിനുള്ളിൽ യാത്ര ചെയ്യാൻ പറ്റുന്ന തരത്തിലുള്ള കൂപ്പണുകളായി മാറ്റിയിരിക്കുകയാണ് വിമാനക്കമ്പനികൾ. യാത്രക്കാർ പണം തിരികെ ചോദിച്ചു തുടങ്ങിയതോടെ, ഇവരെ മുങ്ങിനടക്കേണ്ട ഗതികേടിലാണ് ടൂർ ഓപ്പറേറ്റർമാർ.
വിവിധ രാജ്യങ്ങളിലെ ഹോട്ടലുകളിൽ മാസങ്ങൾക്കു മുമ്പേ നടത്തിയ ബുക്കിംഗുകളുടെ തുക പൂർണമായും തിരിച്ചു കിട്ടിയിട്ടില്ല. കൊവിഡ് ഭീതി ഒഴിഞ്ഞാൽപ്പോലും പലർക്കും അടുത്ത ഒരു വർഷത്തേക്ക് യാത്രാ പ്ലാനുകളേയില്ല. ബുക്കിംഗ് കാൻസൽ ചെയ്ത് പണം തിരികെ നൽകാനോ, ഒരു വർഷത്തിനുള്ളിൽ മറ്റൊരു വ്യക്തിക്ക് ഇതേ ടിക്കറ്റിൽ യാത്രാനുമതി നൽകാനോ വിമാന കമ്പനികൾ തയ്യാറാവണമെന്നാണ് ടൂർ ഓപ്പറേറ്റർമാർ ആവശ്യപ്പെടുന്നത്.
ലോക്ക്ഡൗൺ സമയമായിരുന്ന മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ നടത്തിയിട്ടുള്ള ബുക്കിംഗുകളുടെ പണം തിരികെ നൽകണമെന്ന ഉത്തരവ് സിവിൽ എവിയേഷൻ മിനിസ്ട്രി പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ യാതൊരു ബുക്കിംഗുകളും ഈ സമയത്ത് നടന്നിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഈ ഉത്തരവ് ജനങ്ങളെ കബളിപ്പിക്കാനുള്ളതാണെന്ന് ടൂർ ഓപ്പറേറ്റർമാർ ആരോപിക്കുന്നു. ആഭ്യന്തര യാത്രാ ടിക്കറ്റിന് മൂവായിരം മുതലാണ് നിരക്ക് ആരംഭിക്കുന്നത്. വേനലവധി കണക്കാക്കി അന്താരാഷ്ട്ര ടൂർ പാക്കേജുകളാണ് പല ഓപ്പറേറ്റർമാരും ബുക്ക് ചെയ്തിരുന്നത്. ഇസ്രയേൽ പാക്കേജ് ബുക്ക് ചെയ്ത ഇനത്തിൽ 50 ലക്ഷം രൂപ കൈയിൽ നിന്ന് മുടക്കിയ ഓപ്പറേറ്റർമാർ സംസ്ഥാനത്തുണ്ട്. ടൂറിസം മേഖല പൂർണമായി സ്തംഭിച്ചതോടെ കെട്ടിട വാടക പോലും അടയ്ക്കാനാവാത്ത സ്ഥിതിയിലാണ് പലരും.
................
# ടൂർ പാക്കേജിൽ ഉൾപ്പെടുന്നവ
യാത്രാ ടിക്കറ്റ്, വാഹനം, താമസിക്കാനുള്ള മുറി, ആഹാരം, ടൂറിസ്റ്റ് ഗൈഡിന്റെ സേവനം
...................
# ആവശ്യങ്ങൾ
ഈടില്ലാത്ത പലിശരഹിത വായ്പ അനുവദിക്കുക
മൊറട്ടോറിയം പലിശ രഹിതമാക്കി ഒരു വർഷം വരെ
മാനദണ്ഡങ്ങൾ അനുസരിച്ച് പാക്കേജ് അനുവദിക്കുക
ടൂറിസം സൊസൈറ്റി രൂപീകരിച്ച് പരിരക്ഷാ പദ്ധതികൾ
കറന്റ് ബില്ല്, ടാക്സ് എന്നിവയിൽ ഇളവ്
........................................
എല്ലാ ഫർണിഷിംഗും പൂർത്തിയായി കിടക്കുന്ന ഓഫീസുകൾ തുറക്കാൻ പോലും സാധിക്കുന്നില്ല. ഭീതി നിലനിൽക്കുന്നതിനാൽ മുൻ വർഷങ്ങളെപ്പോലെ സഞ്ചാരികളെ ഇനി ലഭിക്കാൻ പ്രയാസമാണ്. പണം നൽകിയ ഉപഭോക്താക്കൾക്കു മുന്നിൽ നിസഹായരാവുകയാണ്
(മൈ കൈരളി ടൂർ ഓപ്പറേറ്റേഴ്സ് അസോ. ഭാരവാഹികൾ)