കായംകുളം: സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്കുവേണ്ടി 80 ലക്ഷം രൂപ ചിലവഴിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചതായി ചെയർമാൻ അഡ്വ. എൻ. ശിവദാസൻ അറിയിച്ചു.
15000 വീടുകളിൽ ടിഷ്യൂകൾച്ചർ വാഴത്തൈ, മുളകുതൈ, കോവൽ തൈ, പച്ചക്കറി വിത്തുകൾ എന്നിവയും 4500 വീടുകളിൽ 500രൂപ വിലവരുന്ന അഞ്ചിനം കിഴങ്ങുവർഗ്ഗ കിറ്റുകളും സൗജന്യമായി വിതരണം ചെയ്യും. ഒരു ഹെക്ടർ തരിശുഭൂമിയിൽ നെല്ല്, എള്ള് എന്നിവ കൃഷി ചെയ്യുന്നതിന് 30000- രൂപ നൽകും.
പൊതുസ്ഥലങ്ങളിൽ നഗരസഭയും കൃഷിഭവനും ചേർന്ന് പച്ചക്കറി കൃഷി നടത്തും. 30 നുള്ളിൽ ഓരോ വാർഡിലും കൃഷിക്കാരുടെ യോഗം നഗരസഭാ കൗൺസിലർമാരുടെ അധ്യക്ഷതയിൽ ചേരുമെന്നും ചെയർമാൻ അറിയിച്ചു.
കുളങ്ങളിൽ മത്സ്യകൃഷി നടത്തുന്നതിന് 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മൃഗാശുപത്രി വഴി ഒരു വാർഡിൽ 5 ക്ഷീരകർഷകർക്ക് തൊഴുത്ത് നവീകരണത്തിനായി ഒരാൾക്ക് 10000- രൂപ വീതം സബ്‌സിഡിയായി നൽകും. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ ഓരോ വാർഡിലും 200 കുടുംബങ്ങൾക്ക് 110 രൂപാ വിലയുള്ള 5 മുട്ടക്കോഴികളെ 50 ശതമാനം സബ്‌സിഡിയിൽ വിതരണം ചെയ്യും.