എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളുടെ ഒരുക്കങ്ങൾ അവസാനവട്ടത്തിൽ
ആലപ്പുഴ: മാറ്റിവച്ച എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾ 26ന് തുടങ്ങാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളുടേയും വീടുകളിൽ ബി.ആർ.സി. വഴി മാസ്കുകൾ എത്തിക്കും.
പരീക്ഷാ കേന്ദ്രത്തിലെ ക്ലാസ് മുറികളും വരാന്ത ഉൾപ്പടെയുള്ള ചുറ്റുപാടുകളും ഫയർ ഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സ്വയംസഹായ സംഘങ്ങൾ, ഹയർ സെക്കൻഡറി എൻ.എസ്.എസ് വോളണ്ടിയർമാർ , സന്നദ്ധ സംഘടനകൾ തുടങ്ങി വിവിധ സംഘടനകളുടെ സഹായം വിദ്യാഭ്യാസ വകുപ്പിന് ലഭിക്കുന്നുണ്ട്.
കൊവിഡ് പശ്ചാത്തലത്തിൽ കർശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടത്തിപ്പ്. പരീക്ഷ ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും പരീക്ഷ ഹാളിലെ ഫർണിച്ചർ അണുവിമുക്തമാക്കും.സർക്കാരിന്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നെന്ന് ഉറപ്പ് വരുത്താൻ പ്രധാന അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്രമീകരണങ്ങൾ ഇങ്ങനെ
സാമൂഹിക അകലം പാലിച്ചു മാത്രമേ വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ.
എല്ലാ പരീക്ഷാ കേന്ദ്രങ്ങൾക്ക് വെളിയിലും സാനിട്ടൈസറുകൾ സജ്ജമാക്കും.
വിദ്യാലയത്തിന്റെ പ്രധാന കവാടത്തിലൂടെ മാത്രമായിരിക്കും പ്രവേശനം.
സ്‌കൂൾ കോമ്പൗണ്ടിൽ വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
വിദ്യാർത്ഥികൾ ശരിയായ രീതിയിൽ മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്ന് പരീക്ഷ ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തും.
ഗതാഗത സൗകര്യങ്ങൾ
വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്കെത്താൻ ആവശ്യമായ ഗതാഗത സൗകര്യം ക്ലാസ് ടീച്ചർമാരുടെ സഹായത്തോടെ പ്രഥമാദ്ധ്യാപകർ ഉറപ്പാക്കും. സ്‌കൂൾ, ബസുകളും പി. ടി.എയുടെ സഹകരണത്തോടെ മറ്റ് വാഹന സൗകര്യങ്ങളും ഇതിനായി ഉപയോഗിക്കും.
പരീക്ഷാകേന്ദ്രങ്ങൾ : 198
ഒരു മുറിയിൽ ഇരിക്കാവുന്ന പരമാവധി വിദ്യാർത്ഥികൾ : 20
'' പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പൊതു പരീക്ഷകളുടെ ക്രമീകരണങ്ങൾ ഫീൽഡ് തലത്തിൽ പരിശോധിച്ച് ഉറപ്പുവരുതുന്നതിനായി ജില്ലാതലത്തിൽ രൂപീകരിച്ച പ്രത്യേക മോണിറ്ററിംഗ് ടീം ഉറപ്പാക്കും.
- ധന്യ ആർ. കുമാർ ,ഡി.ഡി.ഇ
വാർ റൂം നമ്പർ
ആലപ്പുഴ:എസ്.എസ് .എൽ. സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം കേന്ദ്രമാക്കി ജില്ലാതല വാർ റൂം സജ്ജീകരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും അദ്ധ്യാപകർക്കും സംശയ നിവാരണത്തിന് വാർ റൂമിൽ ബന്ധപ്പെടാം. ഇന്ന് മുതൽ 30വരെ രാവിലെ എട്ടുമുതൽ വൈകിട്ട് എട്ടുവരെയാണ് പ്രവർത്തന സമയം. ഫോൺ നമ്പർ: എസ് എസ് എൽ സി 0477- 2252908,9746759462. ഹയർ സെക്കൻഡറി 0478- 2522200,94475 96619. വൊക്കേഷണൽ ഹയർ സെക്കൻഡറി 0479- 2455901 , 7012512146.