ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കാറ്റാടി മരങ്ങൾ മുറിക്കുന്നത്, പൊലീസ് വലയം ഭേദിച്ചെത്തി ചോദ്യം ചെയ്ത പൊതുപ്രവർത്തകൻ അഡ്വ. സുഭാഷ് എം.തീക്കാടന് കോടതിയിൽ നിന്ന് ജാമ്യം. പുറത്തു നിന്ന് പ്രതിഷേധിച്ച ധീവരസഭ നേതാക്കൾക്ക് സ്റ്റേഷൻ ജാമ്യം നൽകിയ പൊലീസ് സുഭാഷിനെതിരെ വിവിധ വകുപ്പുകൾ ചേർത്ത് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കുകയായിരുന്നു.
ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് പ്രസിഡന്റാണ് അഡ്വ. സുഭാഷ് എം. തീക്കാടൻ. തോട്ടപ്പള്ളി പൊഴിമുഖത്തെ നീരൊഴുക്ക് ശക്തമാക്കാൻ, സ്പിൽവേയുടെ കിഴക്കുഭാഗത്തായി കഴിഞ്ഞ പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണലും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുകയാണ് അനിവാര്യമെന്ന് വ്യക്തമാക്കി കളക്ടർ എം. അഞ്ജനയ്ക്ക് സുഭാഷ് നേരത്തെ നിവേദനം നൽകിയിരുന്നു. കാറ്റാടി മരങ്ങൾ മുറിക്കുന്നത് ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്നും വിശദീകരിച്ചിരുന്നു. ഇന്നലെ സമര സ്ഥലത്തെത്തിയ ആലപ്പുഴ ആർ.ഡി.ഒ എസ്.സന്തോഷ് കുമാറിനോടും സുഭാഷ് ഇക്കാര്യങ്ങൾ വ്യക്തമാക്കി. ഇതോടെ തന്റെ ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്ന് ആരോപിച്ച് ആർ.ഡി.ഒ പൊലീസിൽ പരാതി നൽകി. സ്ഥലത്തുണ്ടായിരുന്ന ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സുഭാഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൈകിട്ടോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
തോമസ് ചാണ്ടി എം.എൽ.എ കായൽ കൈയേറിയെന്ന് ആരോപിച്ച് സുഭാഷ് വിജിലൻസിന് നൽകിയ പരാതിയെ തുടർന്നാണ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നഷ്ടമായത്. സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴിമുഖത്തും കടൽതീരത്തും വെച്ചു പിടിപ്പിച്ച മരങ്ങൾ അനാവശ്യമായി വെട്ടിമാറ്റിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സുഭാഷ് പറഞ്ഞു.