കുട്ടനാട് : എ.സി കനാലിൽ കുളിക്കുന്നതിനിടെ എൻജിനിയറിംഗ് ബിരുദധാരിയായ യുവാവ് മുങ്ങി മരിച്ചു. രാമങ്കരി പഞ്ചായത്ത് വേഴപ്ര എമ്പ്രയിൽ ജേക്കബ് പോൾ(ജോമോൻ)- ആൻസമ്മ ദമ്പതികളുടെ മകൻ അനൂജ് പോൾ (24) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ആറരയോടെയോടെയായിരുന്നു സംഭവം. വേഴപ്ര പാക്കള്ളി പാലത്തിന് സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയ അനൂജ് നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്നു. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ കനാലിലേക്ക് ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അനൂജ് മുങ്ങിത്താഴ്ന്നിരുന്നു. തുടർന്ന് നാട്ടുകാരും വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകളും. എത്തി മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഇതിനിടെ ചങ്ങനാശ്ശേരി പൂവത്തുനിന്നും കമ്പവലക്കാർ എത്തി ചുറ്റും വലയിട്ട് നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളേജ്ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വേഴപ്ര സെന്റ് പോൾ ദേവാലയ സെമിത്തേരിയിൽ സഹോദരങ്ങൾ : അഞ്ജു, സ്‌നേഹ.