 യാത്രക്കാർ വന്നത് മാനദണ്ഡങ്ങൾ പാലിച്ച്

ആലപ്പുഴ: കർണ്ണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ 10 അംഗ സംഘത്തെ എങ്ങനെ 'കൈകാര്യം' ചെയ്യുമെന്നതിലെ ആശയക്കുഴപ്പം ഏറെനേരം കെ.എസ്.ആർ.ടി.സി അധികൃതരെ വലച്ചു. ഒടുവിൽ ആരോഗ്യവകുപ്പ് ജീവനക്കാരെത്തി രേഖകൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ടതോടെയാണ് പരിഹാരമായത്.

32 യാത്രക്കാരുമായി കർണ്ണാടകയിൽ നിന്ന് പുറപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് 12ന് എത്തിയ ബസിന്റെ അവസാന സ്റ്റോപ്പ് ആയിരുന്നു ആലപ്പുഴ കെ.എസ്.ആർ.ട.സി സ്റ്റാൻഡ്. പ്രത്യേകിച്ച് അറിയിപ്പൊന്നും ഇല്ലാതെ എത്തിയ ബസിൽ നിന്ന് ആദ്യം ഇറങ്ങിയ യുവതി സ്റ്റാൻഡിൽ കാത്തുകിടന്ന സ്വകാര്യ വാഹനത്തിൽ കയറിപ്പോയി. ഒരു യുവാവ് ബസിൽ നിന്നിറങ്ങി സമീപത്തെ എ.ടി.എം കൗണ്ടറിൽ കയറി. ഇക്കാര്യങ്ങൾ നിരീക്ഷിക്കുകയായിരുന്ന ആട്ടോറിക്ഷ തൊഴിലാളികൾ വിവരം പൊലീസിൽ അറിയിച്ചതോടെ പൊലീസെത്തി യുവാവിനെ കൺട്രോൾ റൂമിലേക്കു മാറ്റി. മുന്നറിയിപ്പില്ലാതെ വന്ന ബസിൽനിന്ന് മറ്റുള്ളവരെ ഇറക്കാൻ അനുവദിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ നിലപാടെടുത്തതോടെ ബാക്കി യാത്രക്കാർ ബസിൽ കുടുങ്ങി. ഇവരെ കൂട്ടിക്കൊണ്ടുപോകാൻ വിവിധ ജില്ലകളിൽ നിന്നെത്തിയ ബന്ധുക്കളും വിഷമത്തിലായി. വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർ രേഖകൾ പരിശോധിച്ചപ്പോൾ മാനദണ്ഡങ്ങൾ പാലിച്ചാണ് സംഘമെത്തിയതെന്ന് ബോദ്ധ്യമായി. ഇതോടെ എല്ലാവരെയും വീടുകളിലേക്ക് പോകാൻ അനുവദിച്ചു.

എന്നാൽ കൊല്ലത്തേക്കു പോകേണ്ട രണ്ട് യുവതികൾ യാത്രയ്ക്ക് പണമില്ലെന്നും കൂട്ടിക്കൊണ്ടുപോകാൻ ആരുമില്ലെന്നും അറിയിച്ചതോടെ അധികൃതർ വീണ്ടും വെട്ടിലായി. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം വന്നവർക്കുള്ള ബസിൽ കയറ്റാമായിരുന്നു. മറ്റ് മാർഗമില്ലാത്തതിനാൽ ആലപ്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് അധികൃതർ അറിയിച്ചെങ്കിലും നാട്ടിൽ പോകണമെന്ന വാശിയിൽ യുവതികൾ ഉറച്ചു നിന്നു. ഇതോടെ ജില്ലാ ഭരണകൂടം ഒരു സ്പോൺസറെ കണ്ടെത്തി ആംബുലൻസ് ഏർപ്പാടാക്കി യുവതികളെ യാത്രയാക്കി. സംഘത്തിൽപ്പെട്ട, ഹരിപ്പാട് മുതുകുളം സ്വദേശിയായ യുവാവ് എ.ടി.എം കൗണ്ടറിൽ കയറിയിട്ടില്ലെന്നും ഇയാൾ എത്തുന്ന വിവരം ജില്ലാഭരണകൂടത്തെ അറിയിച്ചിരുന്നതായും വ്യക്തമായി. ഇതോടെ ഡൽഹിയിൽ നിന്നെത്തിയ സംഘത്തിനൊപ്പം ഇദ്ദേഹത്തെ യാത്രയാക്കി. ബസിലുണ്ടായിരുന്ന രണ്ട് കായംകുളം സ്വദേശികൾക്കു വേണ്ടി കായംകുളം നഗരസഭ ആംബുലൻസ് അയച്ചു. ഹരിപ്പാട് സ്വദേശി മാത്രമാണ് ജില്ലയിൽ എത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നതെന്നും കൂടുതൽ ആളുകളെത്തിയതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

 നേരത്തെ അറിയിച്ചില്ല

തൃശൂരിലും എറണാകുളത്തും യാത്രക്കാരെ ഇറക്കിയ ശേഷമാണ് ബസ് ആലപ്പുഴയിലെത്തിയത്. ആലപ്പുഴയ്ക്കു പുറമേ കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ എത്തേണ്ടവരാണ് ബസിലുണ്ടായിരുന്നത്. ഇത്രയും പേർ എത്തുന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ജില്ലാഭരണകൂടത്തിന് കൈമാറിയിരുന്നില്ല.