അമ്പലപ്പുഴ:തോട്ടപ്പള്ളി പൊഴിമുഖത്തിന് സമീപം തീരസംരക്ഷണ നടപടികളുടെ ഭാഗമായി നട്ടുവളർത്തിയ കാറ്റാടിമരങ്ങൾ പൊലീസ് സന്നാഹത്തോടെ വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ച് ജില്ലയുടെ തീരദേശ മേഖലയിൽ തിങ്കളാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താലിന് ജനകീയ സമിതി ആഹ്വാനം ചെയ്തു.

കാറ്റാടിമരങ്ങൾ വെട്ടി നശിപ്പിച്ചതിനെതിരെ നിവേദനം നൽകാൻ മന്ത്രി ജി. സുധാകരന്റെ ഓഫീസിലെത്തിയ ജനപ്രതിനിധികളെയും സംയുക്തസമരസമിതി നേതാക്കളെയും അറസ്റ്റു ചെയ്തതിലും തോട്ടപ്പള്ളിയിലെ സംഭവസ്ഥലത്തെത്തിയ ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരനെയും കാർത്തികപ്പള്ളി താലൂക് പ്രസിഡന്റ് അനിൽ ബി .കളത്തിലിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷധിച്ചും പൊലീസ് തേർവാഴ്ചക്കെതിരെയുമാണ് ഹർത്താലെന്ന് ജനകീയ സമര സമിതി ചെയർപേഴ്സൺ റഹ്മത്ത് ഹാമിദും, ജനറൽ കൺവീനർ കെ. പ്രദീപും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.