ചാരുംമൂട് : തകർന്നു വീഴാറായ ഒറ്റ മുറി കൂര വാസയോഗ്യമാണെന്ന് പഞ്ചായത്ത് സെക്രട്ടറിയും , വി ഇ ഒയും സർട്ടിഫിക്കറ്റ് നൽകിയതിനാൽ ലൈഫ് പദ്ധതി ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ട താമരക്കുളം ഒൻപതാം വാർഡ് വൈഷ്ണവിയിൽ ബിനുവും കുടുംബത്തിനും ബി.ജെ.പിയുടെ നേതൃത്വത്തിൽ പുതിയ വീട് നിർമിച്ചു നൽകും .
ഏത് നിമിഷവും നിലം പൊത്താറായി നിന്നിരുന്ന ബിനുവിന്റെ വീട് കഴിഞ്ഞ ദിവസത്തെ വേനൽ മഴയിൽ തകർന്നു വീണിരുന്നു. പ്രായപൂർത്തിയായ രണ്ട് പെണ്മക്കളോടൊപ്പം അയൽവീട്ടിൽ അഭയം തേടേണ്ടിവന്ന ബിനുവിന്റെ അവസ്ഥയെപ്പറ്റി കേരളകൗമുദിയിൽ ഉൾപ്പടെ വാർത്ത വന്നിരുന്നു. ബി.ജെ.പി താമരക്കുളം കിഴക്ക്,പടിഞ്ഞാറ് ഏരിയ കമ്മിറ്റികളുടെ സംയുകത ഭാരവാഹിയോഗത്തിലാണ് ബിനു സുനിത ദമ്പതികൾക്ക് പുതിയ വീട് വച്ച് നൽകാൻ തീരുമാനിച്ചത് . ഈ വിവരം ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ കെ.കെ.അനൂപ് , ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ , ഹരീഷ് കാട്ടൂർ , രാധാകൃഷ്ണൻ , കെ.ആർ.പ്രദീപ് , പ്രഭകുമാർ,സന്തോഷ് ചത്തിയറ, പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ്, വാർഡ് മെമ്പർ ദീപ എന്നിവർ ഇക്കാര്യം ദമ്പതികളെ അറിയിച്ചു .