ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ, പ്രദേശത്ത് പ്രവർ‌ത്തിക്കുന്ന രാഷ്ട്രീയ, സാമൂഹിക സംഘടനകളെ ചേർത്ത് ജനകീയ സമിതി രൂപീകരിച്ചതായി ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ പറഞ്ഞു. സമിതിയുടെ നേതൃത്വത്തിൽ വിവിധ സമരപരിപാടികൾ ആസൂത്രണം ചെയ്യും.ജനകീയ സമിതി രൂപീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്തെ കാറ്റാടി മരങ്ങൾ വെട്ടിയത് ഖനനത്തിന് വഴിയൊരുക്കാനാണ്. വിഎസ് സർക്കാരിന്റെ കാലത്ത് വൈക്കം വിശ്വനാണ് മരം നട്ടത്. അവ വെട്ടുന്നത് കരിമണൽ സ്വകാര്യ ലേബിക്ക് എത്തിക്കാനാണ്. . ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച സംസ്ഥാനമൊട്ടാകെ തീരദേശത്ത് 5 പേർ വീതം സംഘങ്ങളായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമിതി സമരത്തിന് കോൺഗ്രസിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ എന്നിവർ അറിയിച്ചു. തോട്ടപ്പള്ളി സ്ഥിരം ഖനന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തനം. 2003ൽ എം.എ.ബേബി ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് സിപിഎം അടക്കം സമരം നടത്തിയാണ് ആലപ്പുഴ തീരത്ത് ഖനനം വേണ്ടെന്ന് വച്ചത്.ഇപ്പോൾ ഖനനം ആരംഭിക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ മന്ത്രി ജി.സുധാകരൻ ഉദ്യോഗസ്ഥർക്കെതിരെ സംസാരിക്കാതെ തന്റെ നയം വ്യക്തമാക്കണം. ലീഡിംഗ് ചാനൽ ആഴം കൂട്ടാതെ പൊഴിമുഖത്തെ മണൽ ഖനനം ചെയ്യുന്നത് എന്തിനെന്നും നേതാക്കൾ ചോദിച്ചു.