 വിശ്രമമില്ലാതെ ജോലി ചെയ്ത് പാചകവാതക വിതരണ തൊഴിലാളികൾ

ആലപ്പുഴ: പണിയൊഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വീട്ടിലിരിക്കെ, അടുക്കളയിൽ പണി മുടങ്ങാതിരിക്കാൻ പകലന്തിയോളം 'ഭാരം'ചുമന്ന ഒരു കൂട്ടരുണ്ട്; പാചകവാതക വിതരണ തൊഴിലാളികൾ. രണ്ടു മാസത്തോളമായി വീട്ടിൽ വിശ്രമിച്ച്, വിശ്രമിച്ച് 'നടുവൊടിഞ്ഞ'വർക്കു മുന്നിലൂടെ സിലിണ്ടറുകളുമായി ഇവർ വിശ്രമമില്ലാതെ നടന്നില്ലായിരുന്നെങ്കിൽ അടുക്കള സ്തംഭിക്കുമായിരുന്നുവെന്നതിൽ രണ്ടുപക്ഷമുണ്ടാവില്ല. പക്ഷേ, എല്ലാ വിഭാഗം തൊഴിലാളികൾക്കും സർക്കാർ ധനസഹായം നൽകിയപ്പോഴും അവധി പോലുമില്ലാതെ പ്രവർത്തിക്കുന്ന പാചക വാതക വിതരണക്കാരെ മറന്നു. ഒരു രൂപയുടെ ആനുകൂല്യം പോലും ഇവർക്ക് ലഭിച്ചില്ല.

കരുതൽ ശേഖരണാർത്ഥം ബുക്കിംഗുകൾ വർദ്ധിച്ചതോടെ നിലം തൊടാൻ നേരമില്ലാതെ ഓട്ടത്തിലായിരുന്നു തൊഴിലാളികൾ. ലോക്ക് ഡൗണിന്റെ ആദ്യ രണ്ട് മാസങ്ങളെ അപേക്ഷിച്ച് ഇപ്പോൾ അൽപ്പം ആശ്വാസമുണ്ടെന്ന് ഗ്യാസ് സിലണ്ടർ വിതരണക്കാരനായ സന്തോഷ് പറയുന്നു. സിലിണ്ടറുകളുടെ ക്ഷാമത്തിനും പരിഹാരമായിട്ടുണ്ട്. എന്നാൽ ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് പാചക വാതക വിതരണത്തിൽ ഏറെ ആശങ്ക സ‌ൃഷ്ടിക്കുകയാണ്. ദിവസവും നാൽപതോളം വീടുകളിലാണ് ഓരോ തൊഴിലാളിയും എത്തുന്നത്. നിശ്ചിത അകലവും നിബന്ധനകളും പാലിക്കുമ്പോഴും രോഗവ്യാപനത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. മാസ്കിനൊപ്പം ഡോക്ടർമാർ ഉപയോഗിക്കുന്ന ഗ്ലൗസാണ് നൽകിയിരിക്കുന്നത്. ഒരു സിലിണ്ടർ പൊക്കുമ്പോൾ തന്നെ അത് കീറി ഉപയോഗശൂന്യമാകും. പലരും പണം നേരിട്ട് കൈയിൽ തരികയാണ് ചെയ്യുന്നത്. വിദേശങ്ങളിൽ നിന്നടക്കം എത്തിയ ആളുകൾ ഹോം ക്വാറന്റൈനിൽ കഴിയുന്നതിനാൽ ഭയപ്പാടുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.

.....................................

# പടിവാതിൽ വരെ

വാഹനത്തിൽ കയറ്റുന്ന ഓരോ സിലിണ്ടറും അണുനശീകരണ മിശ്രിതമുള്ള വെള്ളം തളിച്ച് ശുചിയാക്കുന്നുണ്ട്. സിലിണ്ടർ നിറച്ച വാഹനവും അണുവിമുക്തമാക്കിയ ശേഷമാണ് ഗോഡൗണിൽ നിന്ന് പുറപ്പെടുന്നത്. സിലിണ്ടറുകൾ കൈമാറുമ്പോഴും ജീവനക്കാർ കൈകൾ സാനിട്ടൈസർ ഉപയോഗിച്ച് വൃത്തിയാക്കുന്നു. മുമ്പ് സിലിണ്ടർ അടുക്കളയിലെത്തിച്ചു നൽകിയിരുന്ന പതിവ് മാറി. വീടിന്റെ വാതിൽക്കൽവരെ മാത്രമേ ഇപ്പോൾ എത്തിക്കുകയുള്ളൂ.

..........................................

# സർക്കാർ നിർദേശങ്ങൾ

 ഗ്യാസ് സിലിണ്ടറുമായി വീടിനകത്ത് പ്രവേശിക്കരുത്

 ഇടപാടുകാരുമായി ഒരു മീറ്റർ അകലം പാലിക്കുക

 പാചകവാതക വിതരണ സമയത്ത് മാസ്‌ക് നിർബന്ധം

 പണമിടപാട് കഴിവതും ഓൺലൈനാക്കുക

...............................................

ഒരു ദിവസം പോലും ലീവെടുക്കാതെയാണ് കൊവിഡ് കാലത്ത് ജോലി തുടരുന്നത്. പതിവിലും ജോലിഭാരം കൂടുതലാണ്. എന്നിട്ടും ഒരാനുകൂല്യവും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല

(റജിമോൻ, പാചക വാതക വിതരണ തൊഴിലാളി)