ആലപ്പുഴ: കാറ്റാടി മരങ്ങൾ മുറിച്ചപ്പോഴുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് സാന്നിദ്ധ്യത്തിൽത്തന്നെ തോട്ടപ്പള്ളി പൊഴിമുഖത്തെ മണൽ നീക്കം വേഗത്തിലാക്കി. കരിമണൽ ഖനനം ആരോപിച്ച് ബി.ജെ.പി കരിദിനം ആചരിച്ചും സംയുക്ത സമരസമിതി കളക്ടറേറ്റ് വളഞ്ഞും സമരം ശക്തമാക്കി. കാറ്റാടി മരങ്ങൾ മുറിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി ജി.സുധാകരന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ എന്നിവർ ഒന്നും രണ്ടും പ്രതികളായി 33 കോൺഗ്രസ് പ്രവർത്തകർക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. അക്രമത്തിനായി സംഘംചേരൽ, സാംക്രമിക രോഗം പടർത്തുന്നതിനായി നിയമലംഘനം നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം കാറ്റാടി മരങ്ങൾ മുറിച്ച ഭാഗത്ത് 25 ജെ.സി.ബിയും അഞ്ച് വലിയ ഹിറ്റാച്ചിയും ഉപയോഗിച്ച് മണൽ നീക്കം വേഗത്തിലാക്കി. കാലവർഷം എത്തുന്നതിന് മുമ്പ് പൊഴിമുഖത്തെ മണൽപ്പരപ്പ് നീക്കം ചെയ്യാനാണ് ഇറഗേഷൻ വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. മുന്നോരുക്കത്തിന്റെ ഭാഗമായി ഇന്നലെ പൊഴിമുഖത്ത് ചാൽ തെളിക്കലും ആരംഭിച്ചു. 190 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും 2.5 മീറ്റർ താഴ്ചയിലുമാണ് ജോലികൾ സൗജന്യമായി കെ.എം.എം.എൽ നടത്തുന്നത്. ഇപ്പോൾ നീരോഴുക്കിനായി നീക്കുന്ന മണൽ കൊണ്ടുപോകരുതെന്ന് കഴിഞ്ഞ ദിവസം കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതിനാൽ പൊഴിയുടെ വടക്കേക്കരയിൽ ശേഖരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കാറ്റാടി മരങ്ങൾ നിന്ന ഭാഗത്തെയും അനുബന്ധ പ്രദേശത്തെയും മണൽ നീക്കാൻ മാത്രമാണ് കെ.എം.എം.എല്ലുമായി ഇറിഗേഷൻ വകുപ്പ് കരാർ ഒപ്പിട്ടിട്ടുള്ളത്. എന്നാൽ പാലത്തിന്റെ പടിഞ്ഞാറുഭാഗത്തെ ജലാശയത്തിലെ ചെളി നീക്കം ജലസേചന വകുപ്പ് തയ്യാറാക്കിയ ഒരു പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. ഈ ഭാഗത്ത് സുനാമിയിലും അതിന് മുമ്പും പിമ്പുമുള്ള വേലിയേറ്റത്തിലും അടിഞ്ഞുകൂടിയ കടൽചെളി നീക്കം ചെയ്യാതെ നീരോഴുക്ക് ശക്തമാകില്ല. പ്രളയകാലത്തും നീരോഴുക്ക് തടസപ്പെടാൻ കാരണം ഈ ഭാഗത്തെ ചെളിയായിരുന്നു. ഇത് നീക്കം ചെയ്യാതെ കരയിലെ മണൽ നീക്കം ചെയ്യുന്നതിന് എതിരെയാണ് കോൺഗ്രസ്, ബി.ജെ.പി, ധീവരസഭ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുട്ടനാടിനെ സംരക്ഷിക്കുന്നതോടൊപ്പം തീരത്തെയും സംരക്ഷണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

 കരിദിനം, കളക്ടറേറ്റ് ധർണ്ണ

കരിമണൽ ലോബിയെ സഹായിക്കാനാണ് ലോക്ക്ഡൗൺ മറവിൽ പൊലീസ് സംവിധാനം ഉപയോഗിച്ചുകൊണ്ട് തോട്ടപ്പള്ളിയിലെ കാറ്റാടി മരങ്ങൾ വെട്ടിമാറ്റിയതെന്ന് ആരോപിച്ച് ബി.ജെ.പി നേതൃത്വത്തിൽ കരിദിനം ആചരിച്ചു. അമ്പലപ്പുഴയിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, കെ.അനിൽ കുമാർ,അജു പാർത്ഥസാരഥി, ബി.മണികണ്ഠൻ, എം.ഡി.സിബിലാൽ, എസ്.ആകാശ്, ജിതേഷ് കുഞ്ഞുപിള്ള, ഹരികൃഷ്ണൻ അമ്പലപ്പുഴ, അരുൺ അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടന്ന ധർണ ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി ചെയർപേഴ്സണും പുറക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ റഹ്മത്ത് ഹാമീദ് അദ്ധ്യക്ഷത വഹിച്ചു. ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ വിശദീകരണ പ്രഭാഷണം നടത്തി. എ.ആർ.കണ്ണൻ, പ്രദീപ്, ജനപ്രതിനിധികൾ ജനകീയ പ്രതിരോധ സമിതി പ്രവർത്തകർ പങ്കെടുത്തു.