ആലപ്പുഴ: വിദ്യാർത്ഥികളെ സുരക്ഷിതരായി സ്കൂളുകളിലെത്തിക്കാൻ തയ്യാറായിരിക്കുകയാണ് പൊതുഗതാഗത സംവിധാനങ്ങൾ. എത്ര വിദ്യാർത്ഥികൾക്ക് വേണ്ടി ഏതൊക്കെ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ ആവശ്യമുണ്ടെന്ന കണക്ക് നാളെ മാത്രമേ പൂർണമായി വ്യക്തമാകു.

കുട്ടനാട്ടിൽ അഞ്ച് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ബോട്ടുകൾ സജ്ജമാക്കണമെന്ന ആവശ്യം കളക്ടർ വഴി ജലഗതാഗതവകുപ്പിൽ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ പറഞ്ഞു. 80 ശതമാനം സ്കൂളുകളും അവരവരുടെ വിദ്യാർത്ഥികൾക്ക് വേണ്ടി വാഹനങ്ങൾ തയ്യാറാക്കുന്നുണ്ട്. സ്കൂൾ ബസുകളും പി.ടി.എയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യവുമാണ് ഒരുക്കുന്നത്. മറ്റ് ജില്ലകളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് കേന്ദ്രങ്ങളിലെത്താൻ ഗതാഗത സൗകര്യം ക്ലാസ് ടീച്ചർമാരുടെ സഹായത്തോടെ പ്രഥമാദ്ധ്യാപകരാണ് ഉറപ്പാക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് അധികൃതരോ സ്കൂൾ ഹെഡ്മാസ്റ്റർമാരോ അവശ്യപ്പെടുന്ന മുറയ്ക്ക് ബസുകൾ ഏത് റൂട്ടിലേക്കും അയയ്ക്കാൻ സജ്ജമാണെന്ന് ഡി.ടി.ഒ അശോക് കുമാർ വ്യക്തമാക്കി. ശനിയാഴ്ച്ച വൈകിട്ട് വരെ ബസ് ആവശ്യപ്പെട്ട് അധികൃതരാരും സമീപിച്ചിട്ടില്ല. ഏത് നിമിഷം ആവശ്യപ്പെട്ടാലും ബസുകളും ജീവനക്കാരും സ്പെഷ്യൽ സർവീസ് നടത്താൻ തയ്യാറാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ച് ഇരിക്കേണ്ടതിനാൽ കൂടുതൽ ബസുകൾ തയാറാക്കിയിട്ടിട്ടുണ്ട്. യാത്രയ്ക്ക് മുമ്പും ശേഷവും വാഹനങ്ങൾ അണുവിമുക്തമാക്കും. 26ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് ജില്ലയിൽ 198 കേന്ദ്രങ്ങളാണുള്ളത്.