ghh

ഹരിപ്പാട്: കൊവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾക്കിടയിൽ പത്താംക്ളാസ്, പ്ളസ് ടു പരീക്ഷകൾ പുനരാരംഭിക്കവേ വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കൻ ജില്ലാ പഞ്ചായത്തംഗം ബബിത ജയൻ സ്വന്തം ചെലവിൽ നോൺ കോൺടാക്ട് ഡിജിറ്റൽ ഇൻഫ്രാറെഡ് തെർമൽ സ്കാനറുകൾ കൈമാറി.

മുതുകുളം ഡിവിഷൻ പരിധിയിൽ വരുന്ന ആറാട്ടുപുഴ, മുതുകുളം, ചിങ്ങോലി, കാർത്തികപ്പള്ളി കുമാരപുരം പഞ്ചായത്തുകളിലെ 6 വിദ്യാലയങ്ങൾക്കാണ് സ്കാനർ ലഭ്യമാക്കിയത്. പരീക്ഷ അവസാനിക്കുമ്പോൾ ഇത് അതതു പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് നൽകുമെന്ന് ബബിത ജയൻ അറിയിച്ചു. കുട്ടികളുടെ ഭീതിയകറ്റി അവർക്കു മാനസികമായും ആരോഗ്യപരവുമായ പിന്തുണ നൽകേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായി അദ്ധ്യാപിക കൂടിയായ ബബിത ജയൻ പറഞ്ഞു. മുതുകുളം സമാജം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർമാർ ബബിത ജയനിൽ നിന്ന് തെർമൽ സ്കാനർ ഏറ്റുവാങ്ങി. മെഡിക്കൽ ഓഫീസർ ഡോ.തനൂജ ഹരി ഇവ പ്രവർത്തിപ്പിക്കേണ്ട രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു. സാനിട്ടൈസറുകളും കുട്ടികൾക്കുള്ള മാസ്കും വിതരണം ചെയ്തു. ആറു സ്കൂളുകളിലായി 1200 ഓളം കുട്ടികളാണ് പരീക്ഷ എഴുതുന്നത്.