ആലപ്പുഴ: വീഡിയോ കോൺഫറൻസിനായി ഒരു പ്ളാറ്റ്ഫോം നിർമ്മിച്ച് ഒരുകോടി രൂപ സമ്മാനം നേടാനൊരുങ്ങുകയാണ് പാതിരപ്പള്ളി പള്ളിക്കത്തയ്യിൽ ജോയി സെബാസ്റ്റ്യൻ എന്ന നാല്പത്തിനാലുകാരൻ. കേന്ദ്രസർക്കാർ നടത്തിയ വീഡിയോ കോൺഫറൻസ് ഇന്നവേഷൻ ചലഞ്ചിന്റെ സെമി ഫൈനലിൽ ജോയിയുടെ ടെക്ജെൻഷ്യ എന്ന ഐ.ടി കമ്പനിയുമെത്തി.
രണ്ടായിരത്തിലേറെ കമ്പനികളെ പിന്തള്ളിയാണ്, ജോയി അവസാന പന്ത്രണ്ടിലേക്ക് കുതിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 12 ടീമുകൾക്കും 5 ലക്ഷം രൂപ വീതം ലഭിക്കും. മത്സരത്തിന്റെ ആദ്യഘട്ടത്തിൽ വിജയിച്ചതായി ഇലക്ട്രോണിക്‌സ് -ഐ.ടി മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഇന്നലെ ലഭിച്ചു.മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പ്രൊപ്പോസൽ പ്രെസന്റേഷനും ഒരു ഡെമോ വീഡിയോയും പത്തംഗ ജഡ്ജിംഗ് പാനലിന് മുമ്പിൽ അവതരിപ്പിക്കുകയായിരുന്നു ആദ്യ കടമ്പ. പ്രോട്ടോടൈപ്പ് നിർമ്മിക്കലാണ് അടുത്തഘട്ടം.അതിന് ഒരു മാസം സമയമുണ്ട്.
പ്രോട്ടോടൈപ്പുകൾ വിലയിരുത്തി അതിൽ നിന്ന് മൂന്ന് പേരെ പ്രൊഡക്ട് ചെയ്യാൻ ക്ഷണിക്കും. അവർക്ക് 20 ലക്ഷം രൂപ വീതം ലഭിക്കും. മികച്ച പ്രൊഡക്ടായി തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു കോടി രൂപ സമ്മാനം.
2009 മുതൽ ചേർത്തല ഇൻഫോപാർക്കിലാണ് റോയി സെബാസ്റ്റ്യന്റെ ടെക്ജെൻഷ്യ ഐ.ടി കമ്പനി പ്രവർത്തിക്കുന്നത്. യൂറോപ്പ്, യു.എസ് രാജ്യങ്ങളിലടക്കം നിരവധി ഉപഭോക്താക്കളാണ് ടെക്ജെൻഷ്യക്കുള്ളത്. പ്രളയകാലത്ത് ആലപ്പുഴയ്ക്ക് വേണ്ടി തയാറാക്കിയ സോഫ്ട്‌വെയറുകൾ, കളക്ടറേറ്റ് കൺട്രോൾ റൂമിന്റെ നേതൃത്വം, സ്കൂൾ ഡിജിറ്റലൈസേഷൻ എന്നിങ്ങനെ ജോയിയുടെ കൈയൊപ്പുള്ള പദ്ധതികൾ നിരവധിയാണ്.
ഇന്നവേഷൻ ചലഞ്ച്
സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകി ലോകോത്തര നിലവാരത്തിൽ ഒരു വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി. മന്ത്രാലയവും ഡിജിറ്റൽ ഇന്ത്യയും ചേർന്ന് ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് ഇന്നവേഷൻ ചലഞ്ച് ഫോർ ഡെവലപ്‌മെന്റ് ഓഫ് വീഡിയോ കോൺഫറൻസ് സൊലൂഷൻ.
വൻകിട കമ്പനികളോടാണ് ഏറ്റുമുട്ടുന്നതെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. പല കമ്പനികൾക്കായി വീഡിയോ കോൺഫറൻസ് ചെയ്ത പരിചയം ഉണ്ടെങ്കിലും അതിൽ നിന്ന് മികവുകൾ മാത്രം ഉൾക്കൊള്ളിച്ച് ഒരു പുതിയ പ്രോഡക്ട് തന്നെ ചെയ്യാനാണ് തീരുമാനം.
-ജോയി സെബാസ്റ്റ്യൻ