ആലപ്പുഴ: കൊവിഡിന്റെ അതേ ജാഗ്രതയിൽ പ്രളയ ദുരന്തത്തെ നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ ഭരണകൂടവും സർക്കാരും സജ്ജമാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് യോഗം ചേരണമെന്ന് ഒരുമാസം മുമ്പ് ആവശ്യപ്പെട്ടെങ്കിലും ജില്ലാഭരണകൂടം നടപടി സ്വീകരിച്ചില്ല. രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക് നടത്തിയ പ്രഖ്യാപനം കുട്ടനാട്ടിലെ ജനങ്ങളെ കബളിപ്പിക്കുന്നതായിരുന്നു. പ്രളയത്തിന്റെ പേരിൽ തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ കടത്താനുള്ള സർക്കാർ നീക്കം തീരദേശ വാസികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ എന്നിവരും പങ്കെടുത്തു.
ഖനന മേഖലയാക്കാൻ ശ്രമം: എം.ലിജു
സ്പിൽവേയുടെ ആഴം വർദ്ധിപ്പിക്കുന്നതിലൂടെ തോട്ടപ്പള്ളി സ്ഥിരം കരിമണൽ ഖനന മേഖലയാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജില്ലയുടെ തീരത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലും സംയുക്തമേഖലയിലും കരിമണൽ ഖനനം നടത്താൻ പാടില്ലെന്നാണ് കോൺഗ്രസ് നിലപാട്. വിഷയത്തിൽ സി.പി.എമ്മും മുഖ്യമന്ത്രിയും മന്ത്രി ജി.സുധാകരനും നിലപാട് വ്യക്തമാക്കണം. തോട്ടപ്പള്ളി സ്പിൽവേയുടെ ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് ശക്തമാണമെന്നതിൽ എതിർപ്പില്ലെന്നും ലിജു പറഞ്ഞു.