ആലപ്പുഴ: ജില്ലയിൽ സമ്പർക്കം വഴിയുള്ള ആദ്യത്തെ കൊവിഡ് ഇന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത ശക്തമാക്കണമെന്ന് കളക്ടർ അറിയിച്ചു.
അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്നവരും വീട്ടുകാരും ജാഗ്രത കൈവിടാതിരിക്കണം. സർക്കാരിന്റെ ക്വാറന്റൈൻ നിർദേശങ്ങൾ ഹോം ക്വാറെന്റനിലുള്ളവരും വീട്ടുകാരും കർശനമായി പാലിക്കണം. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് നിരത്തുകളും മാർക്കറ്റുകളും സജീവമാണ്. പൊതു സ്ഥലത്തിറങ്ങുമ്പോൾ സാമൂഹ്യ അകലം പാലിക്കാനും ശ്രദ്ധിക്കണം. രോഗം വരാൻ സാദ്ധ്യത കുടുതലുള്ള 10 വയസിന് താഴെയുള്ള കുട്ടികൾ, 65 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, ഗുരുതര രോഗത്തിന് ചികിത്സ തേടുന്നവർ തുടങ്ങി രോഗപ്രതിരോധശേഷി കുറഞ്ഞവരെ രോഗവ്യാപന സാദ്ധ്യതയിൽ നിന്നു മാറ്റി നിറുത്തണം.
വിദേശത്തുനിന്ന് വന്ന 29 പേരെയാണ് വെള്ളി, ശനി ദിവസങ്ങളിൽ ജില്ലയിലെൽ കൊവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിച്ചത്.
ഉത്തർപ്രദേശുകാരായ 348 അന്യസംസ്ഥാന തൊഴിലാളികളെ കോട്ടയത്തു നിന്നു പുറപ്പെടുന്ന ട്രെയിനിൽ തിരിച്ചയച്ചു. ഇതിൽ രണ്ടുപേർ കുട്ടികളാണ്. ഉത്തരാഖണ്ഡിലേക്കുള്ള 30 പേരെയും മണിപ്പൂരിലേക്കുള്ള ആറുപേരെയും എറണാകുളത്തു നിന്ന് ഇന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ തിരിച്ചയയ്ക്കും. ഇവരെ അതത് സ്റ്റേഷനിലെത്തിക്കാനുള്ള കെ.എസ്. ആർ.ടി.സി ബസുകൾ ജില്ലാ ഭരണകൂടം സജ്ജമാക്കി.