 പേരിനുപോലും വരുമാനമില്ലാതെ സീസൺ കാലം

ആലപ്പുഴ: തയ്യൽ മെഷീനിൽ നിന്ന് കാലെടുക്കാൻ കഴിയാത്തത്ര തിരക്കായിരുന്നു മേയ് - ജൂൺ മാസങ്ങളിൽ ഓരോ തയ്യൽ തൊഴിലാളിക്കുമുണ്ടായിരുന്നത്. എന്നാൽ ഇത്തവണ കഥമാറിയതോടെ തുരുമ്പ് പിടിക്കാതിരിക്കാൻ മെഷീനിൽ എണ്ണയിടുകയാണ് ഓരോരുത്തരും!

പതിറ്റാണ്ടുകളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന പഴമക്കാരുടെ ഓർമ്മകളിലെങ്ങും ഇങ്ങനെ വെറുതെയിരുന്ന വേനലവധിക്കാലമില്ല. വ്യക്തികൾക്കു പുറമേ സ്കൂളുകളും വസ്ത്രശാലകളും നൽകുന്ന ഓർഡറുകൾ രാപ്പകൽ വ്യത്യാസമില്ലാതെ തുന്നിയാണ് പൂർത്തിയാക്കിയിരുന്നത്. ഇക്കുറി വൈകി സ്കൂൾ സീസൺ ആരംഭിച്ചാലും കാര്യമായ ഓർഡറുകൾ ലഭിക്കുമെന്ന പ്രതീക്ഷയില്ല. സാമ്പത്തിക ഞെരുക്കമായതിനാൽ പഴയ യൂണിഫോം കൊണ്ടുതന്നെ തൃപ്തിപ്പെടാനാണ് സാദ്ധ്യത.

എല്ലാ വർഷവും ഏറ്റവും കൂടുതൽ ജോലി ലഭിക്കുന്ന സമയമാണ് മേയ്, ജൂൺ, ജൂലായ് കാലയളവ്. സ്കൂൾ തുറപ്പ്, തൊട്ടുപിന്നാലെ പ്ലസ് വൺ പ്രവേശനം, കോളേജ് പ്രവേശനം എന്നിവയെത്തുന്നതിനാൽ പഞ്ഞമറിഞ്ഞിരുന്നില്ല. വേനലവധി പൊതുവേ കല്യാണ സീസണായതിനാൽ അങ്ങനെയുള്ള ഓർഡറുകളും ലഭിച്ചിരുന്നു. ഇത്തവണ കല്യാണവും ഉത്സവവും ആർഭാടമില്ലാതെ കഴിഞ്ഞുപോയതോടെ വലിയ നഷ്ടമാണ് തയ്യൽ മേഖലയിലുണ്ടായത്. മൂന്നുമാസമായി നയാപൈസ വരുമാനമില്ല. ക്ഷേമനിധിയിൽ നിന്ന് ആയിരം രൂപ ലഭിച്ചതാണ് ഏക ആശ്വാസം. എല്ലാവർക്കുമൊട്ട് ലഭിച്ചിട്ടുമില്ല. തുണിക്കടകളെല്ലാം തുറന്നെങ്കിലും ഏവർക്കും റെഡിമെയ്ഡ് വസ്ത്രങ്ങളോടാണ് പ്രിയം. പല സ്കൂളുകളും തയ്യൽ തൊഴിലാളികളെ ഏർപ്പാടാക്കി യൂണിഫോം തയ്പ്പിച്ചെടുക്കുന്ന പതിവുണ്ട്. തുച്ഛമായ വേതനം മാത്രം നൽകിയാണ് പലരും തയ്യലിന് ആളെ നിയമിക്കുന്നതെന്ന് കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.

 'വിദേശ' ഓർഡറുമില്ല

നാട്ടിലുള്ളവർക്ക് റെഡിമെയ്ഡ് വസ്ത്രങ്ങളോടാണ് പ്രിയമെങ്കിലും നാട് കാണാനെത്തുന്ന വിദേശികൾ സ്ഥിരമായി നാടൻ വസ്ത്രങ്ങളുടെ ഓർഡർ നൽകാറുണ്ടായിരുന്നു എന്ന് നഗരത്തിലെ തയ്യൽക്കാർ പറയുന്നു. ചുരിദാർ, ജുബ്ബ, ബ്ലൗസ്, പാവാട തുടങ്ങിയവ പാകത്തിന് തയ്പ്പിക്കാൻ സഞ്ചാരികളായ വിദേശികൾ ടൂർ ഓപ്പറേറ്റർമാർ വഴി സ്ഥിരമായി എത്തിയിരുന്നു. എന്നാൽ ലോക്ക് ഡൗൺ ആയതോടെ അതും നിലച്ചു.

...............................................

 5,85 ലക്ഷം: തയ്യൽതൊഴിലാളി ക്ഷേമനിധി അംഗങ്ങൾ

 10,000: ജില്ലയിൽ തയ്യൽ തൊഴിലാളികൾ

......................................

സ്കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിച്ചാലും കാര്യമായ വർക്ക് പ്രതീക്ഷിക്കുന്നില്ല. യൂണിഫോം, കല്യാണ വസ്ത്രങ്ങൾ, ഉത്സവത്തിനുള്ള പുത്തൻ വസ്ത്രങ്ങൾ തുടങ്ങി എല്ലാ തയ്യലും ഒരുമിച്ച് നഷ്ടമായി. കട തുറന്നതോടെ റെഡിമെയ്ഡ് തേടിയാണ് ആളുകൾ പോകുന്നത്

എ.പി.മോഹനൻ, ജില്ലാ പ്രസിഡന്റ്, കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ