ആലപ്പുഴ: ആത്മസംസ്‌കരണത്തിന്റെ പുണ്യറമദാന് വിട. ഇന്ന് സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ചെറിയ പെരുന്നാൾ. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം ജീവിതകാലം മുഴുവൻ നിലനിൽക്കണമേയെന്ന പ്രാർഥനയോടെയാണ് വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്.

കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയതിനാൽ കാര്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് ഇക്കുറി വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. 30 നോമ്പുകൾ പൂർത്തിയാക്കിയാണ് ചെറിയപെരുന്നാളെത്തിയത്. ഇന്നലെ സന്ധ്യയോടെ തന്നെ പെരുന്നാളിന്റെ സന്ദേശവുമായി വീടുകളിൽ തക്ബീർ ധ്വനികളുയർന്നു. ഇന്ന് ഈദ് നിസ്‌കാരം വരെ ഇത് തുടരും. പെരുന്നാൾ വിഭവങ്ങളൊരുക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങാൻ ഇന്നലെ വൈകിയും കടകളിൾ വലിയ തിരക്കായിരുന്നു. പുതുവസ്ത്രമണിഞ്ഞും സുഗന്ധം പൂശിയും മസ്ജിദുകളിൽ ഒത്തുകൂടി, ഇമാമുമാരുടെ നേതൃത്വത്തിൽ നടക്കുന്ന പെരുന്നാൾ നിസ്‌കാരം ഇക്കുറിയില്ല. കുടുംബാംഗങ്ങൾ ഒരുമിച്ച് വീടുകളിൽ പെരുന്നാൾ നിസ്‌കാരം നിർവഹിച്ചും പ്രാർത്ഥനകൾ നടത്തിയുമാണ് ആഘോഷിക്കുക. ചടങ്ങുകളിൽ പ്രധാനമായ ഫിത്വർ സക്കാത്ത് വിതരണം പൂർത്തിയാക്കിയ ശേഷമാണ് നിസ്‌കാരം.