ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ 14 ദിവസത്തെ ക്വാറന്റൈനുശേഷം 19 പ്രവാസി മലയാളികൾ പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും നന്ദി അറിയിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങി. ഇവരെ പരിചരിക്കാൻ സ്വമേധയാ വോളണ്ടിയർമാരായി മുന്നോട്ടുവന്ന പഞ്ചായത്ത് അതിർത്തിയിലെ സംഗീതയ്ക്കും ജ്യോതിഷിനും പ്രത്യേകം നന്ദി അറിയിച്ചു. ഇവരുടെ ആരോഗ്യ വിവരങ്ങൾക്ക് വേണ്ടിയുളള കോ-ഓർഡിനേറ്റർ ആയിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സോണിയുടെ പ്രവർത്തനങ്ങളെയും സംഘം വിസ്മരിച്ചില്ല.
കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്ന് പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ എത്തിച്ച് നൽകിയതിനും വായിക്കാനുളള പത്രങ്ങളും ബുക്കുകളും അവശ്യസാധനങ്ങളും എത്തിച്ച് നൽകിയ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുളള ടീമിനും പ്രത്യേക അഭിനന്ദനവും അറിയിച്ചു. ജില്ലയിലെ ആദ്യത്തെ നിരീക്ഷണ കേന്ദ്രമായിരുന്നു തണ്ണീർമുക്കം കെ.ടി.ഡി.സിയിലേത്. പ്രസിഡന്റ് പി.എസ് ജ്യോതിസ് റോസാപ്പൂക്കൾ നൽകി യാത്രയാക്കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിനിത മനോജ്, സെക്രട്ടറി പി.സി.സേവ്യർ,സുനിൽകുമാർ, എച്ച്.ഐ തോമസ്,സി.ഡി.എസ് പ്രസിഡന്റ് ശ്രീജ ഷിബു എന്നിവർ പങ്കെടുത്തു.