ചേർത്തല:താലൂക്കിന്റെ വടക്കൻ മേഖലകളിലെ മത്സ്യ പാടങ്ങളിൽ തൊഴിലാളികളുടെ മറവിൽ സംഘടിത മത്സ്യക്കൊള്ള നടക്കുന്നതായി കേരളാ അക്വഫാർമ ഫെഡറേഷൻ ജില്ലാകമ്മി​റ്റി ആരോപിച്ചു.സർക്കാർ സഹായത്തോടെ ലക്ഷങ്ങൾ മുടക്കി പാടങ്ങളൊരുക്കി വളർത്തിയ മത്സ്യങ്ങളെയാണ് മണിക്കൂറുകൾകൊണ്ട് കൊള്ളയടിക്കുന്നത്.
കഴിഞ്ഞ ദിവസം തുറവൂർ വളമംഗലത്ത് ഭിന്നശേഷിക്കാരനായ മൈക്കിളിന്റെ ഏഴ് ഏക്കർ പാടത്തു നിന്നു 12 ലക്ഷത്തിന്റെ മത്സ്യം പരസ്യമായി വൻസംഘം കൊള്ളയടിച്ചതായി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഷാജി അഗസ്​റ്റിൻ,സെക്രട്ടറി ബെന്നിജോൺ, ട്രഷറർ വി.എസ്.സാൽവിൻ,ജോർജ്ജ് അലക്‌സാണ്ടർ,രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.പാട്ടത്തിനെടുത്ത പാടങ്ങളിൽ ലക്ഷങ്ങൾ മുതൽ മുടക്കിയാണ് അംഗീകൃത ലൈസൻസോടെ കൃഷി നടത്തുന്നത്.സംസ്ഥാനത്ത് മത്സ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സർക്കാർ പ്രോത്സാഹനങ്ങൾ നൽകുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായാണ് വൻ സംഘങ്ങൾ കൂട്ടമായെത്തി കൊള്ള നടത്തുന്നത്. ഇവർക്കെതിരെ കർശന നടപടി പൊലീസ് സ്വീകരിക്കണമെന്നും മുഖ്യമന്ത്റി ഇടപെട്ട് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.