മാവേലിക്കര: കൊവിഡ് പഞ്ചാത്തലത്തിൽ ദുരിതത്തിലായ കർഷകർക്കും മറ്റുള്ളവർക്കും ആശ്വാസമേകുന്ന വിവിധ പദ്ധതികളുമായി അറനൂറ്റിമംഗലം സർവ്വീസ് സഹകരണ ബാങ്ക്.
കാർഷിക മേഖലയ്ക്ക് ഉത്തേജനം പകരാനായി 6.8 ശതമാനം പലിശ നിരക്കിൽ സ്വർണപ്പണയ വായ്പ, കുടുംബശ്രീ അയൽകൂട്ടങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി, സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന രോഗികൾക്ക് മരുന്ന് വാങ്ങാനുള്ള ധനസഹായം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതിയുടെയും സ്വർണപ്പണയ കാർഷിക വായ്പ വിതരണത്തിന്റെയും ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് വി.ജയകുമാർ പാറപ്പുറത്ത് നിർവ്വഹിച്ചു. സെക്രട്ടറി ഡി.സജീവ്, ഡയറക്ടർ ബോർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരസു സാറാമാത്യു, വാർഡ് മെമ്പർ ടി.യശോധരൻ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ബാങ്ക് സംഭാവന നൽകിയിരുന്നു. കൂടാതെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും പ്രസിഡന്റിന്റെ ഓണറേറിയവും ഡയറക്ടർ ബോർഡ് മെമ്പർമാരുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും നിധിയിലേക്ക് നൽകിയിരുന്നതായി ബാങ്ക് പ്രസിഡന്റ് വി.ജയകുമാർ പാറപ്പുറത്ത് പറഞ്ഞു.