thodu

എടത്വാ: കൈതമുക്ക് ചേന്ദംങ്കര തോട്ടിൽ പോളശല്യം രൂക്ഷമായതോടെ ജല ലഭ്യതയും ഇഴജന്തുശല്യവും നാട്ടുകാർക്ക് വിനയാവുന്നു.

എടത്വ പഞ്ചായത്ത് 12-ാം വാർഡിലാണ് ചേന്ദങ്കര തോട്. തോടിന്റെ ഇരുകരകളിലുമായി ഇരുനൂറിലേറെ താമസക്കാർ ഉപയോഗിച്ചിരുന്ന തോടാണ് പോളയും എക്കലും മലിന്യവും നിറഞ്ഞ് ഗതാഗതം നിലച്ചത്. നാല് വർഷം മുമ്പ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പോളയും മാലിന്യവും നീക്കം ചെയ്‌തെങ്കിലും പിന്നീട് പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് അധികൃതർ ശ്രമിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് ചേന്ദങ്കര തോട്ടിലെ വെള്ളമാണ് പ്രാഥമിക ആവശ്യങ്ങൾക്ക് ഇരുകരക്കാരും ആശ്രയിച്ചിരുന്നത്.

തോട്ടിൽ പുല്ലും പോളയും വളർന്നതോടെ അസഹ്യമായ ദുർഗന്ധവും ഇഴജന്തുക്കളുടെ ശല്യവും കൂടിയിട്ടുണ്ട്. തോട് കൊതുകുകളുടെ കേന്ദ്രമായി തീർന്നിരിക്കുകയാണ്. ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി ബാധിതർ പെരുകുമ്പോൾ തോടിന്റെ കരകളിലുള്ളവർ ഭയത്തോടാണ് കഴിയുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി പോളയും മാലിന്യവും നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകൻ ജോസഫ് ആന്റണി ഒറ്റാറയ്ക്കൽ പറയുന്നു.