കായംകുളം: ഭിന്നശേഷിക്കാരനായ മകനെ വേദികളിൽ നിന്ന് വേദികളിലേക്ക് കൈപിടിച്ച് നടത്തവേ, അപ്രതീക്ഷിതമായെത്തിയ മരണം സിദ്ധാർത്ഥൻസാറിനെ കൂട്ടിക്കൊണ്ടുപോയപ്പോൾ അച്ഛൻ എന്ന വാക്കിന്റെ വിശാലതയാണ് നാട് സ്നേഹത്തോടെ സ്മരിക്കുന്നത്.
എഴുപത് ശതമാനം വരെ ഭിന്നശേഷിക്കാരനായ മകൻ ഗോൾഡി ഗൗതം ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിൽ, സ്വന്തമായി ചിട്ടപ്പെടുത്തിയ ശിവതാണ്ഡവം ആടുമ്പോൾ മകനൊപ്പം
അംഗീകരിക്കപ്പെട്ടത് പിതാവിന്റെ കഴിവുകൂടിയായിരുന്നു. മകനു മാത്രമല്ല ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമെല്ലാം മികച്ചൊരു വഴികാട്ടിയായിരുന്നു കണ്ടല്ലൂർ തെക്ക് കൊല്ലശ്ശേരിൽ കായൽവാരത്ത് കെ.ജി. സിദ്ധാർത്ഥൻ എന്ന അൻപത്തിയെട്ടുകാരൻ. മകനുമൊത്ത് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം വീടിനു സമീപം കായലിനോട് ചേർന്ന വളവിലെ ചിറ വൃത്തിയാക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായി സിദ്ധാർത്ഥൻ യാത്രയായത്.
കണ്ടല്ലൂരിലെ മികച്ച ഇംഗ്ളീഷ് അദ്ധ്യാപകനായിരുന്നു സിദ്ധാർത്ഥൻ. 1980കളിൽ പ്രതിഭ എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകനായതോടെ വലിയൊരു ശിഷ്യ സമ്പത്തിന് ഉടമയായി.
ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സീനിയർ മാനേജർ ആയിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ച് മകൻ ഗോൾഡി ഗൗതത്തിനൊപ്പം നിഴൽപോലെ നടക്കുകയായിരുന്നു. എഴുപത് ശതമാനം ഭിന്നശേഷിയിൽ നിന്ന് ഏറെക്കുറെ സാധാരണ നിലയിലേക്ക് ഗോൾഡി എത്തിയത് സിദ്ധാർത്ഥന്റെ ചിട്ടയായ പരിശീലനത്തിലൂടെയായിരുന്നു. കായംകുളത്ത് ബി.എസ്.എൻ.എൽ ജിവനക്കാരിയായ ഭാര്യ അനിതാദേവിയും മൂത്തമകൻ കൽപ്പേഷ് ഗൗതവും എല്ലാ പിന്തുണയും നൽകി. ഇപ്പോൾ കായംകുളം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്ധ്യാർത്ഥിയാണ് ഗോൾഡി ഗൗതം.
കായംകുളത്തെ സാംസ്കാരിക സദസുകളിലെ നിറ സാന്നിദ്ധ്യമാണ് ഗോൾഡി. എല്ലാ സാംസ്കാരിക പരിപാടികളിലും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിലും പിതാവിനൊപ്പം പങ്കെടുക്കുകയും ഉപഹാരങ്ങൾ സന്തോഷത്തോടെ ഏറ്റുവാങ്ങുകയും ചെയ്യും. അടുത്തിടെ എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഗോൾഡിയെ ഗുരുകീർത്തി പുരസ്കാരം നൽകി ആദരിച്ചിരുന്നു.