 ഹർത്താൽ അനുകൂലികൾ ധർണ നടത്തി പിരിഞ്ഞു

ആലപ്പുഴ: കാറ്റാടി മരങ്ങൾ മുറിച്ചപ്പോഴുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ തീരദേശ ഹർത്താലിലും പൊലീസ് സാന്നിദ്ധ്യത്തിൽത്തന്നെ തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് വൻതോതിൽ മണൽ നീക്കം ചെയ്തു. 25 ജെ.സി.ബിയും ഏഴ് വലിയ ഹിറ്റാച്ചിയും ഉപയോഗിച്ച് പൊഴിമുഖത്തെ മണൽ നീക്കം ചെയ്യുന്ന ജോലികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത്.

വടക്കേക്കരയിലെ മണൽ പൊഴിമുഖത്തേക്കുള്ള റോഡിനോട് ചേർന്ന ഭാഗത്തു തന്നെ ശേഖരിക്കുകയാണ്. എന്നാൽ പൊഴിമുഖത്തെ തെക്കേക്കരയിൽ നിന്ന് നീക്കം ചെയ്ത മണൽ കെ.എം.എം.എൽ അധികൃതർ ലോറിയിൽ ചവറയിലേക്കു കൊണ്ടുപോയി. ഹർത്താൽ ദിനത്തിൽ പ്രതിഷേധക്കാർ എത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് സ്പിൽവേയുടെ ഇരു കരകളിലും അമ്പലപ്പുഴ സി.ഐ ടി.മനോജ്, തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ സി.ഐ ബിജു വി.നായർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. തെക്കേക്കരയിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എച്ച്.വിജയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോഹനൻ, പഞ്ചായത്ത് അംഗം നിജി, പഞ്ചായത്ത് മുൻ അംഗങ്ങളായ അംബിക, പ്രസന്ന, ബ്ളോക്ക് പഞ്ചായത്ത് മുൻ അംഗം എം.വി.രഘു എന്നിവരുടെ നേതൃത്വത്തിൽ 25ഓളം കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി പിരിഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി 50 ടിപ്പർ ലോറികളിലാണ് മണൽ കൊണ്ടുപോകുന്നത്. പ്രതിദിനം 100 ലോഡിൽ കൂടുതൽ മണലാണ് ചവറയിലേക്ക് കൊണ്ടുപോകുന്നത്. ധാതുമണൽ മാത്രം കൊണ്ടുപോകാനാണ് ഇറിഗേഷൻ വകുപ്പും കെ.എം.എം.എല്ലുമായി ഉണ്ടാക്കിയ കരാർ. നീക്കം ചെയ്യുന്ന മണലിൽ നിന്ന് സ്പൈറൽ യൂണിറ്റ് ഉപയോഗിച്ച് ധാതുമണൽ വേർതിരിച്ച ശേഷം വെള്ളമണൽ പ്രദേശത്ത് നിക്ഷേപിക്കുകയും ധാതുമണൽ കൊണ്ടുപോകുകയും ചെയ്യാനാണ് അനുമതി. എന്നാൽ സ്പൈറൽ യൂണിറ്റ് താമസിക്കുന്നതിനാലാണ് മണൽ വാഹനങ്ങളിൽ ചവറയിലേക്ക് കൊണ്ടുപോകുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. സ്പൈറൽ യൂണിറ്റിന്റെ നിർമ്മാണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്.

 കണക്ക് പിഴച്ചുവോ?

വടക്കേ കരയിൽ കാറ്റാടി മരം മുറിച്ച ഭാഗത്തെ മണൽ നീക്കം ചെയ്തു തുടങ്ങിയെങ്കിലും കെ.എം.എം.എൽ ലക്ഷ്യമിട്ട അത്രയും ധാതുമണൽ ഈ ഭാഗത്തില്ല. 1987-88 വർഷങ്ങളിൽ വേലിയേറ്റത്തിൽ അടിഞ്ഞുകൂടിയ കടൽ ചെളിയുടെ മുകൾ ഭാഗത്ത് വീണ്ടും വേലിയേറ്റത്തിൽ അടിഞ്ഞു കൂടിയ മണ്ണൽ പരപ്പാണുള്ളത്. അതിനു മുകളിലാണ് കാറ്റാടി മരങ്ങൾ നട്ടുപിടിപ്പിച്ചത്. കരിമണലാണെന്ന ധാരണയിൽ ഈ ഭാഗത്തെ മണലും ചെളിയും നീക്കം ചെയ്യാനാണ് കെ.എം.എം.എല്ലുമായി ധാരണ. പ്രതീക്ഷിച്ചത്ര ധാതുമണൽ ഈ ഭാഗത്ത് ഇല്ലാത്തത് കെ.എം.എം.എല്ലിനെ ആശങ്കപ്പെടുത്തുന്നു. എന്നാൽ തെക്കേകരയിൽ നിന്ന് നീക്കം ചെയ്യുന്ന മണലിൽ ധാതു സമ്പത്ത് കൂടുതലാണ്. കരാർ അനുസരിച്ച് പദ്ധതി പ്രദേശത്തെ മുഴുവൻ മണലും ചെളിയും നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം കെ.എം.എം.എല്ലിനാണ്.