ആലപ്പുഴ: 'തീരം സംരക്ഷിക്കുക, കരിമണൽ ഖനനം നിർത്തുക ' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ ഹർത്താൽ ഭാഗികം. തോട്ടപ്പള്ളിയിൽ നിന്നും ചെറിയ ബോട്ടുകളും വള്ളങ്ങളും കടലിൽപ്പോയി. അമ്പലപ്പുഴ, പുന്നപ്ര തീരത്തുള്ള ഭൂരിഭാഗം വള്ളങ്ങൾ കരയിൽനിന്നും ഇറക്കിയില്ല. തീരദേശത്തെ പലകടകളും തുറന്നു പ്രവർത്തിച്ചു. തീരസംരക്ഷണത്തിനായി സർക്കാർ വെച്ചു പിടിപ്പിച്ച കാറ്റാടി മരങ്ങൾ വെട്ടമാറ്റി ജില്ലയുടെ തീരം സ്ഥിരം കരിമണൽ ഖനനമേഖലയാക്കാനുള്ള സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനത്തിനെതിരെയായിരുന്നു കോൺഗ്രസ്, ധീവരസഭ, വിവിധ രാഷ്ട്രീയ തൊഴിലാളി സംഘടനകൾ, ജനകീയ സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്. ആലപ്പുഴ ബിഷപ്പ് സമരത്തിന് പിന്തുണ നൽകിയതിനാൽ വടക്കൻ മേഖലകളിൽ സമരം വിജയമായിരുന്നു. അമ്പലപ്പുഴ, പുന്നപ്ര ഫിഷ്‌ലാൻറുകളിൽ നിന്നും വള്ളങ്ങൾ ഒന്നുംതന്നെ കടലിൽ ഇറക്കിയില്ല.നീർക്കുന്നം മുതൽ ഫിഷ്‌ലാന്റുവരെയുള്ള തീരദേശ റോഡിലെ കടകൾ തുറന്ന് പ്രവർത്തിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. തോട്ടപ്പള്ളി പൊഴിമുഖത്തേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത 17 പേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രതിരോധ സമിതി ചെയർപേഴ്‌സണുമായ റഹ്മദ് ഹാമിദ്, ജനറൽ കൺവീനർ കെ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു ധീവരസഭയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 300 കടലോര - ഉൾനാടൻ കേന്ദ്രങ്ങളിൽ ലോക്ക് ഡൗൺ നിയമം പാലിച്ച് രാവിലെ 10 മുതൽ 10.30 വരെ പ്രതിഷേധ സമരം നടത്തി.