സമ്പർക്കത്തിലൂടെയും വ്യാപനം
ആലപ്പുഴ: കൊവിഡ് കണക്കുകൾ മറ്രു പല ജില്ലകളെയും പിരിമുറുക്കത്തിലാക്കിയപ്പോഴും പൊതുവെ ആശ്വാസത്തിലായിരുന്ന ആലപ്പുഴയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ കണക്കുകൾ ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഗ്രീൻ സോണായി പ്രഖ്യാപിച്ച ശേഷം ഇന്നലെ വൈകിട്ട് വരെ ലഭ്യമായ കണക്കുകൾ പ്രകാരം ജില്ലയിൽ 20 പേരാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.ജനുവരി മുതൽ ഇതുവരെ ജില്ലയിൽ ആകെ കൊവിഡ് ബാധിതരായത് 22 പേരാണ്.
രാജ്യത്ത് രണ്ടാമത്തെ കൊവിഡ് കേസ് സ്ഥിരീകരിച്ചതും ഒന്നാമത്തെ ആൾ രോഗ മുക്തി നേടിയതും ആലപ്പുഴയിലാണ്. മറ്രു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള ആൾക്കാരുടെ വരവിന് ശേഷമാണ് കേസുകളുടെ എണ്ണത്തിൽ പെട്ടെന്ന് വർദ്ധനയുണ്ടായത്. സമ്പർക്കത്തിലൂടെയുള്ള വ്യാപനവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ലോക്ക് ഡൗണിൽ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന കാർക്കശ്യം കുറഞ്ഞതും ജില്ലയിലെ സ്ഥിതിഗതകൾ ഗുരുതരമാക്കുന്നു.കണക്കുകൾ പ്രകാരം ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് താലൂക്കുകളിലാണ് ഇപ്പോൾ കൊവിഡ് ഭീതി അല്പം കനത്തുനിൽക്കുന്നത്.ഗ്രീൻ സോൺ പ്രഖ്യാപനം വരും മുമ്പ് 600ൽ താഴെ പേർ നിരീക്ഷണത്തിലായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4100 ഓളം പേരാണ് നിരീക്ഷണത്തിലുള്ളത്.
ആദ്യ കേസ് ജനുവരിയിൽ
ജനുവരിയിലാണ് ആലപ്പുഴയിലെ ആദ്യ കേസ്. ചൈനയിൽ നിന്നു വിമാനമാർഗ്ഗം നാട്ടിലെത്തിയ താമരക്കുളം സ്വദേശിയായ വിദ്യാർത്ഥിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ചേർത്തല, കാർത്തികപ്പള്ളി, പള്ളിപ്പാട്,ചെങ്ങന്നൂർ സ്വദേശികൾക്കും രോഗം കണ്ടെത്തി.അഞ്ചുപേരും പിന്നീട് രോഗമുക്തരായി.തുടർന്ന് കോവിഡ് സംശയത്തിന്റെ പേരിൽ പലരും നിരീക്ഷണത്തിലായെങ്കിലും 36 ദിവസത്തോളം രോഗം കണ്ടെത്താനായില്ല.നിരീക്ഷണത്തിലാക്കേണ്ടി വന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മെയ് നാലിന് ജില്ലയെ ഗ്രീൻ സോൺ പട്ടികയിൽ പ്പെടുത്തിയത്.
ഭീഷണി പുറത്തുനിന്ന്
വിദേശത്തുനിന്നും മറ്രു സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി നാട്ടിലേക്ക് വരാൻ സർക്കാർ അനുമതി നൽകി. ഇങ്ങനെ എത്തിയ ചിലരിലാണ് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചത്. മേയ് 15 നാണ് ദമാമിൽ നിന്നെത്തിയ തൃക്കുന്നപ്പുഴ സ്വദേശിനിക്കും മുംബയിൽ നിന്നുവന്ന പുറക്കാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചത്.തൃക്കുന്നപ്പുഴ സ്വദേശിനിയുടെ കുട്ടിയിലും അടുത്ത ദിവസം കൊവിഡ് കണ്ടെത്തി.പിന്നീട് മാവേലിക്കര സ്വദേശിനിയിലും കുവൈറ്റിൽ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശിനിക്കും കൊവിഡ് സ്ഥിരീകരിച്ചു. 23 ന് വീണ്ടും അഞ്ചുപേർക്ക് രോഗബാധയുണ്ടായി. ഞായറാഴ്ച മുംബയിൽ നിന്നെത്തിയ തകഴി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർക്കും അബുദാബിയിൽ നിന്നെത്തിയ ചേർത്തല സ്വദേശിയിലുമാണ് കൊവിഡ് കണ്ടെത്തിയത്.
വേണം ജാഗ്രത
തുടക്കത്തിൽ ഡ്രോൺ നിരീക്ഷണമടക്കമുള്ള സംവിധാനങ്ങളോടെയാണ് പൊലീസ് ജില്ലയെ സുരക്ഷയിൽ വരിഞ്ഞുമുറുക്കിയത്. പ്രധാന പാതകളിലെല്ലാം പൊലീസ് പിക്കറ്രുകൾ സ്ഥാപിച്ച് വാഹനപരിശോധനയും കർക്കശമാക്കി. കാര്യങ്ങൾ ഒരു വിധം നിയന്ത്രണത്തിൽ നിന്നതോടെയാണ് ജനങ്ങളിലും ആത്മവിശ്വാസം അതിര് കവിഞ്ഞത്. പൊലീസ് നിരീക്ഷണത്തിലുണ്ടായ അയവും രോഗവ്യാപനത്തിന് വഴിതെളിച്ചു.
........................................
ജില്ലയിലെ കൊവിഡ് ബാധിതർ 20
ആലപ്പുഴ: ജില്ലയിൽ ഇന്നലെ മൂന്ന് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ഇരുപതായി. രണ്ടു പേർ വിദേശത്തു നിന്നും ഒരാൾ ബംഗളുരുവിൽ നിന്നും വന്നതാണ്. 10ന് മാലദ്വീപിൽ നിന്നും കൊച്ചിയിൽ കപ്പൽ മാർഗം എത്തിയ മാവേലിക്കര സ്വദേശിയായ യുവാവിനും 18ന് അബുദാബി-കൊച്ചി വിമാനത്തിൽ എത്തിയ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവിനും ബംഗളുരുവിൽ നിന്നു സ്വകാര്യ വാഹനത്തിൽ എത്തിയ മാവേലിക്കര സ്വദേശിയായ യുവതിക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ എത്തിയ ശേഷം രണ്ടുപേർ കൊവിഡ് കെയർ സെൻററിലും യുവതി ഹോം ക്വാറൻറൈനിലുമായിരുന്നു.
കഴിഞ്ഞ ദിവസം നാലു പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരുകുടുംബത്തിലെ മൂന്ന്പേർ മുംബയിയിൽ നിന്നും ഒരാൾ വിദേശത്തുനിന്നുമാണ് വന്നത്. ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. മുബയിൽ നിന്നു വന്ന തകഴിയിലെ മൂന്നംഗ കുടുംബത്തിനാണ് കൊവിഡ്. മാതാപിതാക്കളും മകനും അടങ്ങുന്ന കുടുംബം 22ന് ട്രെയിൻ മാർഗമാണ് എറണാകുളത്തെത്തിയത്. തുടർന്ന് വീട്ടിൽ ഐസൊലേഷനിലായിരുന്നു.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 4102 പേരാണ്. 33 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 49, ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നാല് പേരാണുള്ളത്. ഹോം ക്വാറന്റൈനിൽ നിന്ന് 744പേരെ ഒഴിവാക്കിയപ്പോൾ 615പേർ ഇന്നലെ പുതുതായി വന്നു. ഇന്നലെ ഫലമറിഞ്ഞ 81 സാമ്പിളുകളിൽ മൂന്നെണ്ണം ഒഴികെ എല്ലാം നെഗറ്റീവാണ്.