ph

കായംകുളം : കൊവിഡ് കാലത്ത് ഒഴിപ്പിച്ച കായംകുളത്തെ അനധികൃത തട്ടുകടകൾ രണ്ടാം തവണയും പുനഃസ്ഥാപിയ്ക്കുവാനുള്ളശ്രമം പൊലീസിന്റെ ഇടപെടലിൽ പരാജയപ്പെട്ടു. പഴവർഗങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിൽ എടുക്കുകയും മൂന്നുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു.

ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ ഇന്നലെ രാവിലെയാണ് മെയിൻ റോഡിൽ തട്ടുകടകൾ പുനർ വിന്യസിച്ചത്. ഒഴിപ്പിച്ചതിനുശേഷം രണ്ടാം തവണയാണ് തട്ടുകടക്കാർ സംഘടിച്ച് എത്തിയത്. ഏഴ് കടകൾ പൊലീസ് നീക്കം ചെയ്യുകയും എതിർത്ത ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിന്റെ കൂടെ ഭാഗമായി ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ മാസമാണ് നഗരത്തിലെ ഗാതാഗതക്കുരുക്കിന് കാരണമായ തട്ടുകടകൾ നീക്കം ചെയ്തത്. പിന്നീട് കായംകുളത്ത് എത്തിയ മന്ത്രി ജി. സുധാകരൻ റോഡ് കൈയ്യേറിയുള്ള കച്ചവടം അനുവദിയ്ക്കില്ലെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും റോഡ് കൈയേറി കടകൾ സ്ഥാപിയ്ക്കാൻ നീക്കം നടത്തിയത്.

വർഷങ്ങൾക്ക് മുൻപ് കോടതി ഉത്തരവിനെ തുടർന്ന് തട്ടുകടകൾ നീക്കം ചെയ്തെങ്കിലും വളരെ വേഗം തന്നെ രാഷ്ടീയക്കാരുടെ പിന്തുണയോടെ തിരികെയെത്തി.

റോഡിലെ അനധകൃത പാർക്കിംഗിനും തട്ടുകടകൾക്കും എതിരെ മന്ത്രി ജി. സുധാകരൻ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് അത് നീക്കം ചെയ്തത്.