പെരുന്നാൾ ദിനത്തിൽ ജനത്തിന്റെ വെള്ളംകുടി മുട്ടി
അമ്പലപ്പുഴ : പൈപ്പ് പൊട്ടലിന്റെ കാര്യത്തിൽ റെക്കാഡിലേക്ക് കുതിക്കുന്ന ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ളവിതരണം മുടങ്ങി. ഇത് 46ാം തവണയാണ് പദ്ധതിയുടെ പൈപ്പ് പൊട്ടുന്നത്. ചെറിയ പെരുന്നാൾ ദിവസമായ ഞായറാഴ്ചയാണ് അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ തകഴി കന്നാമുക്ക് ജംഗ്ഷനിൽ പൈപ്പ് പൊട്ടിയത്. ഈ മേഖലയിൽ മാത്രം 5 ഇടങ്ങളിൽ മുമ്പ് പൈപ്പ് പൊട്ടിയിട്ടുണ്ട്.
കഴ്രഞ്ഞ രണ്ടു ദിവസമായി ചെറിയ രീതിയിൽ വെള്ളം പുറത്തേക്ക് വന്നിരുന്നെങ്കിലും ഞായറാഴ്ചയോടെ പൈപ്പ് പൊട്ടി വെള്ളമൊഴുക്ക് ശക്തമായി.തുടർന്ന് വാട്ടർ അതോറിട്ടി ജീവനക്കാർ സ്ഥലത്തെത്തി വെള്ളം പമ്പിംഗ് നിർത്തി. പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ ജെ.സി.ബി ഉപയോഗിച്ച് റോഡ് വെട്ടിപ്പൊളിച്ചു അറ്റകുറ്റപ്പണി ആരംഭിച്ചു. കടപ്ര ആറ്റിൽ നിന്നും വെള്ളം കരുമാടിയിലെ ശുദ്ധീകരണ പ്ലാൻ്റിൽ എത്തിക്കുന്ന പൈപ്പാണ് പതിവായി പല ഭാഗങ്ങളിലും പൊട്ടുന്നത്. പൈപ്പ് പൊട്ടൽ തുടർക്കഥ ആയതോടെ ഈ ഭാഗത്തെ 1400 മീറ്റർ പൈപ്പ് മാറ്റി സ്ഥാപിക്കാൻ വാട്ടർ അതോറിട്ടി വിഭാഗം തീരുമാനമെടുത്തെങ്കിലും നടപടി ഒന്നുമായിട്ടില്ല.
പമ്പിംഗ് നിർത്തിയതിനാൽ ചെറിയ പെരുന്നാൾ ദിവസം നഗരവാസികളും, സമീപത്തെ പഞ്ചായത്തിലുള്ളവരും കുടിവെള്ളത്തിനായി നെട്ടോട്ടം ഓടി.ഇന്ന് അറ്റകുറ്റപ്പണി തീർത്ത് വെള്ളം പമ്പ് ചെയ്യാനാവുമെന്നാണ് വാട്ടർ അതോറിട്ടിയുടെ പ്രതീക്ഷ.
കൊവിഡ് കാലത്ത്
ബുദ്ധിമുട്ടേറെ
കൊവിഡ് കാലത്തുണ്ടായ പൈപ്പുപൊട്ടൽ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വീടുകളിലും, കോവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിൽ കഴിയുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇവർക്ക് പുറത്തിറങ്ങി വെള്ളം ശേഖരിക്കാൻ കഴിയില്ല. കോടികൾ മുടക്കി നവീകരിച്ച അമ്പലപ്പുഴ - യിരുവല്ല സംസ്ഥാന പാതയുടെ ശാപമായി മാറിയിരിക്കുകയാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ. പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി അടിക്കടി റോഡ് വെട്ടിപ്പൊളിക്കേണ്ടി വരുന്നത് റോഡിന്റെ ബലക്ഷയത്തിനും, ഗതാഗതക്കുരുക്കിനും കാരണമാകുന്നു. കരുമാടി പ്ലാന്റിൽ നിന്നും പൊടിയാടി വരെയുള്ള ഭാഗത്തെ പൈപ്പുകൾ മുഴുവനായും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.