ആലപ്പുഴ: നിയമ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ വേറിട്ട വ്യക്തിത്വമാണ് അഡ്വ. പി.വി.സതീശന്റെ വേർപാടിലൂടെ ആലപ്പുഴയ്ക്ക് നഷ്ടമായത്. പിതാവ് പി.ആർ.വാസുവിന്റെ നേതൃത്വത്തിൽ കള്ളിക്കാട്ട് നടത്തിയ ചോരചീന്തിയ സമരമുഖങ്ങൾ കണ്ടുവളർന്ന സതീഷ് കോടതി മുറികളിലും നീതിയുടെ പോരാളിയായിരുന്നു.
ആറാട്ടുപുഴ കള്ളിക്കാട് പള്ളിക്കടവിൽ പരേതരായ പി.ആർ.വാസു- ചെല്ലമ്മ ദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമനായിരുന്നു സതീഷ്. പ്രാഥമിക വിദ്യാഭ്യാസം ആറാട്ടുപുഴയിലും മുതുകുളത്തുമായിരുന്നു. കൊല്ലം എസ്.എൻ കോളേജിൽ ബി.എ കഴിഞ്ഞ് തിരുവനന്തപുരം ലാ കോളേജിൽ നിന്ന് 1972ൽ നിയമ ബിരുദം നേടി. തുടർന്ന് മുൻ ഡി.ജി.പിയും മുതിർന്ന സി.പി.എം നേതാവുമായിരുന്ന അഡ്വ. പി.ജി. തമ്പിയുടെ ആദ്യ ജൂനിയറായി. പിന്നീട് സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. സി.പി.എമ്മിന്റെ കേസുകൾ കൂടുതലും ഈ കാലയളവിൽ സതീഷ് ആയിരുന്നു വാദിച്ചത്.

കായംകുളം, ഹരിപ്പാട് കോടതികളിൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതികൾ ഇല്ലാതിരുന്ന കാലത്താണ് സതീഷ് ആലപ്പുഴയിൽ എത്തുന്നത്. 42 വർഷം മുമ്പ് ആലപ്പുഴയിൽ എത്തിയ സതീഷ് കോടതി ജീവിതത്തോടൊപ്പം ആലപ്പുഴയിലെ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിറസാന്നിദ്ധ്യമായി മാറി. രണ്ട് വർഷം മുമ്പാണ് അമ്മ ചെല്ലമ്മ മരിച്ചത്.