ചേർത്തല : സബ് രജിസ്ട്രാർ ഓഫീസിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 17000 രൂപ മോഷണം പോയി.മുൻവശത്തെ വാതിലിന്റെ പൂട്ടുതകർത്ത് അകത്തുകയറി അലമാര തുറന്നാണ് പണം കവർന്നത്. തിങ്കളാഴ്ച ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. പൊലീസും ഡോഗ് സ്‌ക്വാഡും,വിരലടയാള വിദഗ്ദരും സ്ണഥലത്തെത്തി തെളിവെടുപ്പു നടത്തി.
രജിസ്‌ട്രേഷൻ ഫീസിനത്തിൽ ലഭിച്ച തുക ട്രഷറിയിൽ അടയ്ക്കുന്നതിനായി പ്രത്യേക ഷെൽഫിലാ്ണ സൂക്ഷിക്കുന്നത്.അടുത്ത പ്രവൃത്തി ദിവസമാണ് ഇതു ട്രഷറിയിൽ അടക്കുന്നത്. പണം മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.സംഭവത്തെ തുടർന്ന് വൈകിട്ട്മൂന്നരവരെ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. പരിസര പ്രദേശങ്ങളിലെ നിരീക്ഷണ കാമറകൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ഉൗർജ്ജിതമാക്കിയതായി എസ്.ഐ.ലൈസാദ് മുഹമ്മദ് പറഞ്ഞു.