ആലപ്പുഴ: എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സിയും ജലഗതാഗത വകുപ്പും ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
നിലവിലുള്ള സർവീസിന് പുറമേ രണ്ടു മുതൽ നാലുവരെ അധിക സർവീസുകൾ ഒരോ ഡിപ്പോയിൽ നിന്നും കെ.എസ്.ആർ.ടി.സി അയയ്ക്കും. നിലവിൽ സർവീസ് നടത്താത്ത റൂട്ടുകളിൽ വിദ്യാഭ്യാസ ഉപജില്ല മേധാവികൾ നൽകിയിട്ടുള്ള റൂട്ടുകളിലും സർവീസ് നടത്താൻ ചെങ്ങന്നൂർ, മാർവേലിക്കര, കായംകുളം, ഹരിപ്പാട്, എടത്വ, ആലപ്പുഴ, ചേർത്തല ഡിപ്പോകളിലെ ഡി.ടി.ഒ മാർക്ക് നിർദേശം നൽകി. ഒരു ബസിൽ 31 യാത്രിക്കാർക്ക് മാത്രമേ പ്രവേശനമുള്ളു. ഇക്കാരണത്താൽ ഉൾപ്രദേശങ്ങളിൽ എത്രമാത്രം വിദ്യാർത്ഥികൾ യാത്രയ്ക്കുണ്ടാകുമെന്ന ആശങ്കയും കെ.എസ്.ആർ.ടി.സി അധികൃതർക്കുണ്ട്. തിരക്ക് അധികമായി വരുന്ന റൂട്ടിലേക്ക് അയയ്ക്കാൻ ഓരോ ഡിപ്പോയിലും നാലിൽ അധികം ബസുകൾ എമർജൻസി സർവീസിനായി കരുതിയിട്ടുണ്ട്.
കുട്ടനാട്ടിലേക്ക് ആലപ്പുഴ ഡിപ്പോയിൽ നിന്ന് രാവിലെ 11.10ന് ആലപ്പുഴ-കിടങ്ങറ പാലം, 11.30 ആലപ്പുഴ-പൂപ്പള്ളി-ചമ്പക്കുളം, 11.30ന് ആലപ്പുഴ-തകഴി, ആലപ്പുഴ-പൂപ്പള്ളി-കൈനകരി, 11.45ന് ആലപ്പുഴ-മങ്കൊമ്പ്-ചമ്പക്കുളം, ആലപ്പുഴ-പുളിങ്കുന്ന് റൂട്ടുകളിൽ അധിക സർവീസ് നടത്തും. വൈകിട്ട് 4.40നാണ് മടക്കയാത്ര.
ജലഗതാഗവകുപ്പ് രാവിലെ 7.30 മുതൽ 9.30 വരെയും ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയും വൈകിട്ട് നാലു മുതൽ ആറു വരെയും മാത്രമായിരിക്കും ബോട്ട് സർവീസ് നടത്തുക. ഓരോ ജെട്ടിയിലും കൃത്യസമയത്ത് എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് കൗണ്ടറുകളിലും ബോട്ടിലും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും ജലഗതാഗത വകുപ്പ് ഡയറക്ടർ അറിയിച്ചു.