ആലപ്പുഴ: ചെങ്ങന്നൂർ നഗരസഭയിലെ മൂന്നാം വാർഡ്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാർഡുകൾ എന്നിവ ക്ലസ്റ്റർ ക്വാറന്റൈൻ/ കണ്ടെയിൻമെന്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചു.

ഈ വാർഡുകളിൽ എം.സി റോഡ് ഒഴികെയുള്ള റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും, അടിയന്തര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കുമെന്നും ജില്ല കളക്ടറുടെ ഉത്തരവിൽ പറയുന്നു. അവശ്യ/ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ 8 മുതൽ 11 വരെയും പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേർ കടകളിൽ എത്താൻ പാടില്ല. ഈ വാർഡുകളിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല. ചെങ്ങന്നൂർ താലൂക്കിലുൾപ്പെടുന്ന പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡ്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാർഡുകൾ എന്നിവയെ നേരത്തെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു.