ചെങ്ങന്നൂർ: ക്വാറന്റൈൻ സംവിധാനമൊരുക്കുന്നതിൽ അധികൃതർക്കുണ്ടായ വീഴ്ച കാരണം, മഹാരാഷ്ട്രയിൽ നിന്ന് ശനിയാഴ്ച രാത്രി ചെങ്ങന്നൂരിൽ എത്തിയ ആലപ്പുഴ ജില്ലക്കാരായ 90 പേർ വലഞ്ഞു. ഒമ്പതുമണിയോടെ എറണാകുളത്ത് എത്തിയ യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബസിലാണ് ആലപ്പുഴയിലേക്ക് കൊണ്ടുവന്നത്. രാത്രി 11 ഓടെ ബസ് ആലപ്പുഴയിലെത്തിയെങ്കിലും ക്വാറൈന്റൈൻ കേന്ദ്രങ്ങളിലാക്കാനുള്ള സംവിധാനമുണ്ടായിരുന്നില്ല. തുടർന്ന് ബസ് ചെങ്ങന്നൂരിലേക്ക് തിരിച്ചുവിട്ടു.
എറണാകുളത്തും ആലപ്പുഴയിലുമായി ഏറെ സമയം കാത്തുകിടക്കേണ്ടിവന്ന ഇവർക്കായി ഭക്ഷണമോ വെള്ളമോ എത്തിക്കാനുള്ള സംവിധാനം അധികൃതർ ചെയ്തില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഇത്രയും ആൾക്കാർ ഒന്നിച്ചെത്തുന്ന വിവരം വളരെ വൈകിയാണ് ചെങ്ങന്നൂരിൽ അറിയിച്ചത്. സൗകര്യങ്ങളൊരുക്കിയ ആലപ്പുഴയിലും സമീപ പഞ്ചായത്ത് കേന്ദ്രങ്ങളിലും അതാതു സ്ഥലത്തെ ആൾക്കാരെ എത്തിച്ചതുമില്ല. പുലർച്ചെ മൂന്ന് മണിയോടെയാണ് റവന്യൂ, നഗരസഭ, പൊലീസ്, മെഡിക്കൽ സംഘം എന്നിവരുടെ ശ്രമഫലമായി ചെങ്ങന്നൂരിലെ ഹോട്ടലുകളിൽ ഇവർക്ക് താമസം ഒരുക്കിയത്.ചെങ്ങന്നൂരിൽ രണ്ടാം തവണയാണ് ഇത്തരത്തിൽ വീഴ്ചയുണ്ടാവുന്നത്.
ഏതാനും ദിവസം മുമ്പ് ചെന്നൈയിൽ നിന്നും ചെങ്ങന്നൂരിലെ കൊഴുവല്ലൂരിലുള്ള എൻജിനീയറിംഗ് കോളേജിൽ ക്വാറന്റൈൻ അനുവദിച്ച് എത്തിയ യുവാവിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. കോളേജ് അധികൃതരിൽ നിന്നും താക്കോൽ വാങ്ങി തുറന്നുകൊടുക്കാൻ താമസിച്ചതിന്റെ പേരിൽ വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്യുകയും തഹസിൽദാറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. 2018ലെ പ്രളയകാലത്തെ പ്രവർത്തനങ്ങളുടെ പേരിൽ സർക്കാരിന്റെ അനുമോദനവും ഗുഡ് സർവീസ് എൻട്രിയും ലഭിച്ചിട്ടുള്ള വില്ലേജ് ഓഫീസർ റജീനാ നാരായണനാണ് നടപടി നേരിടേണ്ടി വന്നത്.