ഹരിപ്പാട് : അദ്ധ്യാപകൻ, വാഗ്മി, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഇന്നലെ അന്തരിച്ച കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുരേന്ദ്രനെന്ന് അഡ്വ.ടി.കെ.ശ്രീനാരായണദാസ് അനുസ്മരിച്ചു. അദ്ധ്യാപനം ഒരു വിശുദ്ധനിയോഗമായി ഏറ്റെടുത്ത അദ്ദേഹം അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന കർമ്മസപര്യയിലൂടെ എണ്ണമറ്റ പ്രതിഭകളെയാണ് വാർത്തെടുത്തത്. സമ്പൂർണ്ണവും വളരെ വിശദവുമായ ഉത്തരങ്ങളിലൂടെയാണ് കുട്ടികളുടെ സംശയങ്ങൾക്ക് നിവർത്തിവരുത്തിയിരുന്നത്. പഠിപ്പിക്കുന്നതിന് പുസ്തകം പോലും ആവശ്യമില്ലായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ച സുരേന്ദ്രൻ രാഷ്ട്രീയരംഗത്തും തിളക്കമാർന്ന പ്രവർത്തനമാണ് കാഴ്ചവച്ചത്. ഗുരുദർശനം ലളിതമായി അവതരിപ്പിക്കാനുള്ള സാമർത്ഥ്യവും ഉണ്ടായിരുന്നു. അഗാധസാഹിത്യധാരണകളുണ്ടായിരുന്ന അദ്ദേഹത്തിന് ഉജ്ജ്വലനായ എഴുത്തുകാരനാകാൻ കഴിയുമായിരുന്നു. പക്ഷെ എന്തുകൊണ്ടോ അദ്ദേഹം അതിന് ശ്രദ്ധിച്ചില്ല. എഴുതിയതും പ്രസംഗിച്ചതുമെല്ലാം കാവ്യഭംഗിയുള്ള ഭാഷയിലായിരുന്നു. അദ്ധ്യാപനത്തിന്റെ തെളിച്ചം ജീവിതത്തിലും മനസിലും അദ്ദേഹം കൊണ്ടുനടന്നു.