അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ കാറ്റാടി മരങ്ങൾ വെട്ടിനശിപ്പിച്ചതിനെതിരെയും, മണൽ കൊണ്ടു പോകുന്നതിനെതിരെയും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന തീരദേശ ഹർത്താൽ വൻ വിജയമെന്ന് ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ അവകാശപ്പെട്ടു. ആരേയും സമരത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കാതെ ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചാണ് ഹർത്താൽ സമാധാനപരമായി നടത്തിയത്. സി.പി.എം നേതൃത്വം ഈ ജനകീയ സമരത്തെ പരാജയപ്പെടുത്താൻ ഭരണ സ്വാധീനവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചെങ്കിലും തൊഴിലാളികൾ അതിനെ തള്ളിക്കളഞ്ഞെന്നും ദിനകരൻ പറഞ്ഞു. സമരം വിജയിപ്പിയ്ക്കുന്നതിന് പിന്തുണ നൽകിയ ആലപ്പുഴ ബിഷപ്പിനോട് ജനകീയ സമിതി നന്ദി അറിയിച്ചു. കേരളത്തിലെ തീരദേശ ജനതയുടെ വികാരം മാനിച്ച് കരിമണൽ ഖനനം അടിയന്തരമായി നിറുത്തിവെയ്ക്കണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു.