വള്ളികുന്നം : പള്ളിക്കുറ്റി ഭാഗത്തെ ഹൈടെക് വാറ്റുകേന്ദ്രത്തിൽ നൂറനാട് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ ചാരായവും വെള്ളക്കട്ടിൽ ഒളിപ്പിച്ചിരുന്ന 200 ലിറ്റർ കൊളളുന്ന ബാരൽ , 80 ലിറ്റർ കൊള്ളുന്ന ചരുവം, 35 ലിറ്റർ കൊള്ളുന്ന കന്നാസുകൾ, ഇല്ലിച്ചട്ടി എന്നിവയും പിടികൂടി. വള്ളികുന്നം താളിരാടിയിൽ ചരുപ്പൻവിളതെക്കതിൽ സുഭാഷ് ബാബു (42) ആണ് തന്റെ വീടിന് സമീപത്ത് വ്യാജ വാറ്റും വിൽപനയും നടത്തിയിരുന്നത്. ഇയാളെ പിടികൂടാനായില്ല.

എക്സൈസ് സംഘം എത്തുന്നത് അറിയുന്നതിന് സി.സി.ടി.വി കാമറകളും ഉപയോഗിച്ചിരുന്നു. ഒരു ലിറ്റർ ചാരായത്തിന് 2000 മുതൽ 3000 രൂപ വരെയുള്ള നിരക്കിലാണ് ആവശ്യക്കാർക്ക് നൽകിയിരുന്നത്. മുൻ കൂർ പണം വാങ്ങിച്ച ശേഷംചാരായം കുപ്പികളിലാക്കി ഇയാളുടെ വീടിന് സമീപത്തെ കനാലിന്റെ വശങ്ങളിൽ ഉപേക്ഷിച്ച ശേഷം ഓർഡർ ചെയ്തയാളെ വിളിച്ച് അറിയിക്കുകയായിരുന്നു പതിവ്. ചാരായം വിതരണം ചെയ്യുന്ന സമയത്ത് പല ഭാഗത്തും ഇയാളുടെ കൂട്ടാളികളെ നിരീക്ഷണത്തിനായി നിർത്തിയിരുന്നു.. ഇയാളോടൊപ്പം ചാരായ വാറ്റിനും വിതരണത്തിന്നും സഹായിച്ചവരെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ടന്ന് എക്സൈസ് സംഘം പറഞ്ഞു. റെയ്ഡിൽഎക്സൈസ് ഇൻസ്പക്ടർ ഇ ആർ ഗിരിഷ് കുമാർ പ്രിവന്റീവ് ഓഫീസർ അബ്ദുൽഷുക്കൂർ , സന്തോഷ് കുമാർ സി.ഇ.ഒ മാരായ അനു, സീനുലാൽ, ശ്യാംജി , സുനിൽ എന്നിവർ പങ്കെടുത്തു