അരൂർ: ദേശീയപാതയിൽ എരമല്ലൂർ മോഹം ആശുപത്രിയ്ക്ക് സമീപം യൂടേൺ തിരിയുകയായിരുന്ന കാറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിച്ച, തുറവൂർ വലിയപറമ്പിൽ സാദത്ത് ജലാൽ - ഷാജിന ദമ്പതികളുടെ മകൻ ആമീൽ അസ് ലം (അച്ചു - 20) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് തുറവൂർ തട്ടാപറമ്പിൽ (നാസർ മൻസിൽ ) നാസറിന്റെ മകൻ അൽ അമീൻ (19) പരിക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ 23 ന് രാത്രി 9 നായിരുന്നു അപകടം. ചെറിയ പെരുനാളിന് പുതുവസ്ത്രം വാങ്ങാൻ മറ്റ് സുഹൃത്തുക്കൾക്കൊപ്പം ബൈക്കുകളിൽ എരമല്ലൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് യു ടേൺ തിരിഞ്ഞപ്പോൾ കാറിന്റെ സൈഡിൽ ഇടിച്ചു ബൈക്കിൽ നിന്നും തെറിച്ച് റോഡിൽ വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ് കിടന്ന ഇരുവരേയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആമീൽ അസ് ലാം 24 ന് പുലർച്ചെ മരിച്ചു. ചേർത്തല മിമാറ്റിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. ഒമാനിൽ ജോലി ചെയ്യുന്ന പിതാവ് സാദത്തിന് സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാനായില്ല. സഹോ ദരങ്ങൾ:അഫ്‌നാൻ,അലിഷ്ബാ ഫാത്തിമ.