photo

ആലപ്പുഴ: കേരള കോൺഗ്രസ് സ്ഥാപക നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആലപ്പുഴ വഴിച്ചേരി കൊടിയന്തറ കെ.വർഗീസ് (98) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :റോസമ്മ. മക്കൾ: എത്സമ്മ, മേഴ്സി, ടെസി, കെ.വി.തോമസ്, ഗീത(റീത്ത), സോഫി, ഡോ.ബാബു വർഗീസ്, പരേതനായ ജോസി. മരുമക്കൾ: പോളി ആത്തപ്പള്ളി, ജോൺ മാത്യു മാങ്ങാപ്പള്ളി, ജോസുകുട്ടി പറമ്പത്ത്, മെർട്ടിൽ അമ്പലത്തിങ്കൽ, ജൂണോ ജോൺ കണ്ടംകുളത്തി, പരേതനായ ഡേവിസ് തായങ്കരി, ഡോ. ജെസി ജോസഫ് .

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ, വൈസ് ചെയർമാൻ, ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ, ജില്ലാ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്, ഔഷധി, ഗ്രന്ഥശാല സംഘം, സിഡ്‌കോ ഹൗസിംഗ് സഹകരണ സംഘം എന്നിവയുടെ ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.1962 മുതൽ ദീർഘകാലം മുനിസിപ്പൽ കൗൺസിലറായിരുന്നു. സർ സി.പി സ്റ്റേറ്റ് കോൺഗ്രസിനെ നിരോധിച്ച കാലത്ത് ലഘുലേഖ വിതരണം തുടങ്ങിയ രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ബോട്ട് മാർഗം എറണാകുളം വരെ രഹസ്യപ്രവർത്തനം വ്യാപിപ്പിച്ചു. മലയിൽ ജോൺ, സേവ്യർ വിൻസെന്റ്, തുണ്ടിയിൽ വർഗീസ് തുടങ്ങിയവർ കൂട്ടാളികൾ ആയിരുന്നു. പ്രവർത്തനങ്ങൾക്കിടയിൽ പിടിക്കപ്പെട്ടു ജയിൽവാസം അനുഭവിച്ചു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയി പ്രവർത്തിച്ചു.