 സുരേന്ദ്രൻ സാറിന് നാടിന്റെ യായ്രയയപ്പ്

ആലപ്പുഴ: സമാന്തര വിദ്യാഭ്യാസ രംഗം പൊതു വിദ്യാഭ്യാസത്തിനൊപ്പം മത്സരിച്ച കാലത്ത് കരുവാറ്റയിലെ 'നവഭാരത്' എന്ന ട്യൂട്ടോറിയലിന്റെ പ്രശസ്തിക്കു സമാന്തരമായി തിളങ്ങിനിന്ന പേരാണ് സി. സുരേന്ദ്രൻ എം.എ. പിന്നാക്കക്കാർക്ക് ഉന്നത വിദ്യാഭ്യസം അല്പം അകലെയായിരുന്ന കാലത്ത് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി, തുടർ ജീവിതം അദ്ധ്യാപനത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കും മാത്രമായി ചെലവഴിച്ച സുരേന്ദ്രൻ സാറിന്റെ വിയോഗം നികത്താനാവാത്ത നഷ്ടംതന്നെയായി.

കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്നു സി. സുരേന്ദ്രൻ. പേരിനൊപ്പം ബിരുദം കൂടി ചേർത്തിരുന്ന കാലഘട്ടത്തിൽ 'സി. സുരേന്ദ്രൻ എം.എ' എന്ന പേരിന്റെ സ്വീകാര്യത വിശാലമായിരുന്നു. നവഭാരത് ട്യൂട്ടോറിയൽ സ്ഥാപിച്ചുകൊണ്ട് സമാന്തര വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിന് സ്വന്തമായൊരു മേൽവിലാസം വളരെവേഗം സൃഷ്ടിക്കാനായി. രണ്ടു തലമുറകളിലായി ആയിരക്കണക്കിന് ശിഷ്യരെ സൃഷ്ടിക്കാനായത് മരണത്തിനുമപ്പുറത്തേക്ക് 'സുരേന്ദ്രൻ സാർ' എന്ന പേരിന് ആയുസ് നീട്ടിക്കൊടുക്കും.

എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഫലപ്രഖ്യാപനം നടക്കുന്ന സമയം മുതൽ ജയിച്ചോ എന്നറിയാൻ സകല ദൈവങ്ങളെയും വിളിച്ച് വിദ്യാർത്ഥികൾ കാത്തിരുന്നൊരു കാലമുണ്ടായിരുന്നു. പിറ്റേന്ന് പത്രങ്ങളിൽ റിസൾട്ട് വരുമ്പോൾ മാത്രമേ ഫലം അറിയാൻ കഴിയുമായിരുന്നുള്ളൂ. അന്നൊക്കെയാണ് സുരേന്ദ്രൻ സാറിന്റെ പ്രതിഭയ്ക്കൊപ്പം സാമർത്ഥ്യവും നാട് മനസിലാക്കിയിരുന്നത്. തന്റെ സ്ഥാപനത്തിലെ കുട്ടികളുടെ റിസൾട്ട് അറിയാനായി രണ്ടുദിവസം മുമ്പുതന്നെ തിരുവനന്തപുരത്തേക്കു പുറപ്പെടുന്ന സുരേന്ദ്രൻ സാർ, ഫലപ്രഖ്യാപനം വരുന്ന ദിവസം ഉച്ചയോടു കൂടി മാർക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ ഫോണിലൂടെ നവഭാരതിൽ അറിയിക്കുമായിരുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നവഭാരതിലേക്ക് ഫോൺ വിളികളുടെ ബഹളമായിരിക്കും ആ ദിവസങ്ങളിൽ. മറ്റ് ട്യൂട്ടോറിയലുകളിലെ കുട്ടികളുടെ റിസൾട്ടും അറിഞ്ഞു പറയാൻ യാതൊരു മടിയും അദ്ദേഹം കാട്ടിയിരുന്നില്ല.
നവഭാരതിൽ പഠിപ്പിച്ച് തെളിഞ്ഞ നിരവധി യുവാക്കൾ സർക്കാർ ജോലികളിൽ ഇടം പിടിച്ചിട്ടുണ്ട്. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ആശ്രയകേന്ദ്രം കൂടിയായിരുന്നു നവഭാരത്. ട്യൂഷൻ ഫീസ് കൊടുക്കാൻ മാർഗമില്ലാത്ത കുട്ടികൾക്ക് മാസാവസാനങ്ങളിൽ 'ധൈര്യ'ത്തോടെ ബെഞ്ചിരിലിരിക്കാൻ പറ്റുന്നൊരു ഇടം കൂടിയായിരുന്നു നവഭാരത്. ഉഴപ്പൻമാർ ഉൾപ്പെടെയുള്ളവർസുരേന്ദ്രൻ സാറിന്റെ മലയാളം ക്ളാസ് 'മിസ്' ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. കാരണം, അത്രത്തോളമായിരുന്നു ആഅവതരണഭംഗി. കടുകട്ടിയായ കുമാരനാശാൻ കവിതകളുടെ വ്യാകരണങ്ങൾ പോലും നിസാരമായി മനസിലാവും വിധം അവതരിപ്പിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവിനു പകരംവയ്ക്കാൻ കഴിയുന്നവർ തുലോം കുറവായിരുന്നുവെന്ന് തുറന്നുപറയാനാവും. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ ചെറുമകനിൽ നിന്ന് ഇതൊന്നും അനുഭവിക്കാൻ പറ്റിയില്ലെങ്കിൽ മാത്രമേ നിരാശപ്പെടേണ്ടതുള്ളൂ.