ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ മണൽ നീക്കവുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതി ചെയർപേഴ്സണും പുറക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ റഹ്മത്ത് ഹാമീദിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ പൊഴിമുഖത്ത് റിലേസത്യാഗ്രഹം നടക്കും. പ്രതിഷേധങ്ങൾ പലവിധത്തിൽ രൂപപ്പെടുന്നതിനിടെ, പൊലീസ് കാവലിൽ ജില്ലാ ഭരണകൂടം മണൽനീക്കം വേഗത്തിലാക്കി.
സ്പിൽവേ പൊഴിമുഖത്തിന്റെ പടിഞ്ഞാറെക്കരയിൽ കാറ്റാടി മരങ്ങൾ മുറിച്ച ഭാഗത്ത് ഇന്നലെ 30 ജെ.സി.ബിയും ആറ് വലിയ ഹിറ്റാച്ചിയും ഉപയോഗിച്ച് മണൽ നീക്കം ചെയ്യുന്നുണ്ട്. മൂന്ന് ജെ.സി.ബികൾ ഉപയോഗിച്ച് പൊഴിമുഖത്ത് ചാൽ വെട്ടുന്ന ജോലികളും പുരോഗമിക്കുകയാണ്. ഇവിടെ നിന്ന് നീക്കുന്ന മണൽ 50 ടിപ്പർ ലോറികളിൽ കെ.എം.എം.എൽ അധികൃതർ ചവറയിലേക്ക് കൊണ്ടുപോയി. പ്രതിദിനം നൂറിലധികം ലോഡ് മണലാണ് ഇവിടെ നിന്ന് കൊണ്ടുപോകുന്നത്.
കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങളിലെ പ്രളയജലം കടലിലേക്ക് ഒഴുക്കുന്നതിന്റെ വേഗം കൂട്ടാൻ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ലക്ഷം എം ക്യൂബ് മണൽ നീക്കം ചെയ്യാനാണ് കെ.എം.എം.എല്ലുമായുള്ള കരാർ.
........................................
ജില്ലയുടെ തീരത്ത് പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ സംയുക്ത സംരംഭമായിട്ടോ കരിമണൽ ഖനനം പാടില്ലെന്ന നിലപാടിൽ മാറ്റമില്ല. ആശങ്കയുള്ള സാഹചര്യത്തിൽ ജലവിഭവ വകുപ്പിന്റെ വിശദീകരണം ആവശ്യമാണ്. ഇനിയുമൊരു പ്രളയം താങ്ങാൻ നാടിന് കഴിയില്ല എന്നതുകൊണ്ടാണ് തോട്ടപ്പള്ളി സ്പിൽവേയുടെ ഇരുവശവുമുള്ള മണൽ നീക്കം ചെയ്യണമെന്ന് പ്രളയം മുതൽ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. തോട്ടപ്പള്ളിയിൽ നിന്നു നീക്കം ചെയ്യുന്ന മണൽ ജില്ലയിലെ കടലാക്രമണം തടയാനുള്ള പദ്ധതികൾക്കായി തന്നെ വിനിയോഗിക്കണം
(ടി.ജെ.ആഞ്ചലോസ്, സംസ്ഥാന പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ-എ.ഐ.ടി.യു.സി)
...................................
തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ കടത്തിക്കൊണ്ടു പോകുന്നതിനെ അനുകൂലിക്കുന്ന മന്ത്രി ജി.സുധാകരനും എ.എം.ആരിഫ് എം.പിയും തീരദേശജനതയെ ഒറ്റുകൊടുക്കുകയാണ്. ഇറിഗേഷൻ വകുപ്പിന്റെയും ഉദ്യോഗസ്ഥരുടേയും തലയിൽ കെട്ടിവച്ച് കൈകഴുകാനുള്ള മന്ത്രിയുടെ ശ്രമം നടക്കില്ല. എ.എം.ആരിഫിന്റെ പ്രസ്താവന കരിമണൽ കടത്തിനെ അനുകൂലിക്കുന്നതാണ്. കുട്ടനാട്ടിലെ പ്രളയ പ്രതിരോധ നടപടികൾക്കായി ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടാൻ നടപടി സ്വീകരിക്കുന്നില്ല. തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിനെയല്ല, കരിമണൽ കടത്തിനെയാണ് എതിർക്കുന്നത്
(എ.എ.ഷുക്കൂർ,കെ.പി.സി.സി ജനറൽ സെക്രട്ടറി)