കായംകുളം: വാടകക്കാര്യം പറയാതെ കായംകുളത്തെ മുഴുവൻ ലോഡ്ജുകളും കൊവിഡുമായി ബന്ധപ്പെട്ട് റവന്യു, ഹെൽത്ത് വിഭാഗം ഏറ്റെടുത്തതോടെ ലോഡ്ജ് ഉടമകൾ പ്രതിസന്ധിയിലായി.
ഒരു മാസം പിന്നിട്ടിട്ടും ഒരു രൂപ പോലും വാടക നൽകിയിട്ടില്ല. പല ലോഡ്ജ് ഉടമകളും ഭീമമായ കറന്റ് ചാർജ്, വാട്ടർ ചാർജ്, കേബിൾ കണക്ഷൻ ചാർജ് എന്നിവ അടയ്ക്കാനാവാതെ ബുദ്ധിമുട്ടിലാണ്. ജീവനക്കാരുടെ ശമ്പളം കൊടുക്കാത്തത് കാരണം പലരും അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഉടമകളും കുടുംബാംഗങ്ങളുമാണ് ലോഡ്ജിലെ അടിസ്ഥാന കാര്യങ്ങൾ ചെയ്യുന്നത്. ഇതിനിടെ മുൻകൂർ പണം ആവശ്യപ്പെട്ടതിന്റെ പേരിൽ കരീലക്കുളങ്ങരയിലെ ഒരു ലോഡ്ജ് ഉടമയെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു.
റവന്യു-ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുമായി ലോഡ്ജിന്റെ വാടക സംബന്ധിച്ച് ബന്ധപ്പെട്ടപ്പോൾ അവർക്ക് ഒരു അറിവുമില്ലെന്നായിരുന്നു മറുപടിയെന്ന് ഉടമകൾ പറയുന്നു.
അടിയന്തിരമായി ലോഡ്ജ് ഉടമകൾക്ക് വാടക വിതരണം ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ് ആവശ്യപ്പെട്ടു.