ആലപ്പുഴ: ക്വാറന്റൈൻ കാലം ചിത്രരചനയ്ക്കു വേണ്ടി നീക്കിവച്ച മനോജിന്റെ കരവിരുതിൽ ശ്രീനാരായണ ഗുരുദേവന്റെ എണ്ണച്ചായാ ചിത്രം അവസാനഘട്ടത്തിലേക്ക്. ഒരു മീറ്റർ ഉയരവും 50 സെന്റീമീറ്റർ വീതിയുമുള്ള കാൻവാസിലാണ് ചിത്രം വരയ്ക്കുന്നത്.
മാലദ്വീപിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ കരുവാറ്റ വൃന്ദാവനത്തിൽ മനോജ് ചെല്ലപ്പൻ കണിച്ചുകുളങ്ങര കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 17നാണ് നാട്ടിലെത്തിയത്. താൻ വരയ്ക്കുന്ന ഗുരുവിന്റെ എണ്ണച്ചായാചിത്രം എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ ഹാളിൽ വയ്ക്കാനായി നൽകാമെന്ന് ഭാരവാഹികളോട് നേരത്തെ പറഞ്ഞിരുന്നതാണ്. ഇത്തവണ അവധിക്ക് നാട്ടിലെത്തുമ്പോൾ ക്വാറന്റൈനിൽ കഴിയേണ്ടി വരുമെന്നതിനാൽ മാലദ്വീപിൽ നിന്ന് ചായക്കൂട്ടുകൾ കൂടി കൊണ്ടുവന്നിരുന്നു. അതുകൊണ്ടുതന്നെ പടംവരയ്ക്കൽ തുടങ്ങാനും എളുപ്പമായി. നിരീക്ഷണ കാലയളവ് കഴിഞ്ഞ് ചിത്രങ്ങൾ കൈമാറും.
ഗുരുവിന്റെ ചിത്രത്തിനു ശേഷം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രങ്ങൾ വരയ്ക്കാവാനുള്ള തയ്യാറെടുപ്പിലാണ് മനോജ്. ഭാര്യ ലേഖ മനോജ് കാർത്തികപ്പള്ളി യൂണിയൻ വനിതാ സംഘം സെക്രട്ടറിയാണ്.