ആലപ്പുഴ : പൊഴിമുഖത്തിന്റെ വീതി കൂട്ടുന്നതിനെ കോൺഗ്രസും തീരദേശ ജനതയും സ്വാഗതം ചെയ്യുമ്പോൾ, അത് മറച്ചുവച്ച് ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കാതെ കരിമണൽ മാഫിയയ്ക്ക് വേണ്ടി തീരദേശ ജനതയെയും കോൺഗ്രസിനെയും എതിർക്കാൻ സി.പി.എം നുണ പ്രചാരണം നടത്തുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് എം.ലിജു ആരോപിച്ചു.
പൊഴിമുഖത്തിന്റെ വീതി വർദ്ധിപ്പിക്കുന്നതിനായി നീക്കം ചെയ്യുന്ന മണൽ പ്രദേശത്ത് തന്നെ നിക്ഷേപിക്കാതെ കരിമണൽ ഖനനത്തിനായി വാഹനങ്ങളിൽ കടത്തിക്കൊണ്ട് പോകുന്നതിനെയാണ് കോൺഗ്രസ് എതിർക്കുന്നത്. പാരിസ്ഥിതിക പഠനം നടത്താതെ തീരത്തു നിന്നും മണൽ കടത്തി കൊണ്ടുപോകുന്നത് പ്രദേശത്ത് കടലാക്രമണം രൂക്ഷമാക്കും. സർക്കാരും സി.പി.എമ്മും കരിമണൽ ഖനനത്തിനായി നടത്തുന്ന ന്യായീകരണങ്ങൾ ഇടതു മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ സി.പി.ഐക്ക് പോലും ബോദ്ധ്യപ്പെടുന്നില്ല എന്നതിന്റെ തെളിവാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ പ്രതികരണമെന്നും ലിജു പറഞ്ഞു.