ആലപ്പുഴ : ജില്ലയിൽ ഓരോ ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നു. ഇന്നലെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർ മുംബയിൽ നിന്നും ഒരാൾ അബുദാബിയിൽ നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ മാവേലിക്കര താലൂക്കിലുള്ളവരും ഒരാൾ തകഴി സ്വദേശിയുമാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 23ആയി.
ഒരാൾക്ക് സമൂഹവ്യാപനം മൂലമാണ് രോഗം ബാധിച്ചതെന്നതും ആശങ്ക ഇരട്ടിയാക്കുന്നു.വിദേശത്തു നിന്നു വന്ന ആറ് പേരെ അമ്പലപ്പുഴ താലൂക്കിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.മെൽബൺ -കൊച്ചി ഫ്ളൈറ്റിൽ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ സംഘത്തിൽ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണുള്ളത്. രോഗ വ്യാപനം തടയുന്നതിന് ജില്ലാ ഭരണകൂടം പുറപ്പെടുവിക്കുന്ന ജാഗ്രതാനിർദേശങ്ങൾ കൃത്യതയോടെ പാലിക്കുന്നില്ല. പൊലീസ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ, ത്രിതല പഞ്ചായത്ത്, നഗരസഭാ അധികാരികളുടെ പരിശോധന അയഞ്ഞതോടെ ഓരോദിവസവും റോഡുകളിലും പൊതുഇടങ്ങളിലും തിരക്കേറി. ഇന്നലെ ആലപ്പുഴ നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മാർക്കറ്റുകളിലും കടകളിലും സോപ്പും വെള്ളവും ഹാൻഡ് സാനിട്ടൈസറും നിർബന്ധമാണെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം എല്ലായിടത്തും പാലിക്കപ്പെടുന്നില്ല. വൈകിട്ട് 7.30 വരെയാണ് കടകളുടെ പ്രവർത്തന സമയം അനുവദിച്ചിട്ടുള്ളതെങ്കിലും മിക്കകടകളും രാത്രിഒൻപത് വരെ പ്രവർത്തിക്കുന്നുണ്ട്. വഴിയോര കച്ചവടക്കാരും കളത്തിലുണ്ട്.
ട്രെയിനിലെത്തിയവർ
ഡൽഹിയിൽ നിന്ന് ഇന്നലെ പുലർച്ചെ ട്രെയിനിൽ എറണാകുളത്ത് എത്തിയ 92 ആലപ്പുഴ ജില്ലക്കാരെ കെ.എസ്.ആർ.ടി.സി ബസിൽ എത്തിച്ച് വീടുകളിൽ ഐസൊലേഷനിലാക്കി. ഒരാളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ 17 പേരെ ബസിൽ കായംകുളത്ത് എത്തിച്ചു. 16 പേരെ വീടുകളിലും ഒരാളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും പ്രവേശിപ്പിച്ചു.
ജില്ലയിൽ ഒറ്റനോട്ടത്തിൽ
ചികിത്സയിൽ : 23
നിരീക്ഷണത്തിൽ :4579
ഇന്നലെ മാത്രം നിരീക്ഷണത്തിലാക്കിയത് : 473
15 ദിവസം മുമ്പ് നിരീക്ഷണത്തിലുണ്ടായിരുന്നത് : 600ൽ താഴെ